National
സൈനിക നടപടികൾ തത്സമയം നൽകരുത്; മാധ്യമങ്ങൾക്ക് മാർഗരേഖയുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതീവ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം

ന്യൂഡൽഹി | സൈനിക നടപടികളുടെ തത്സമയ സംപ്രേക്ഷണം ഒഴിവാക്കണമെന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശം നൽകി. വാർത്താ ഏജൻസികൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ എന്നിവർക്കും ഈ നിർദ്ദേശം ബാധകമാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതീവ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
ദേശീയ സുരക്ഷയുടെ താൽപ്പര്യം മുൻനിർത്തി, എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളും, വാർത്താ ഏജൻസികളും, സോഷ്യൽ മീഡിയ ഉപയോക്താക്കളും പ്രതിരോധം, മറ്റ് സുരക്ഷാ സംബന്ധമായ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കുകയും അതീവ ഉത്തരവാദിത്തത്തോടെ പെരുമാറുകയും ചെയ്യണണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സൈനിക നടപടികൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ, തത്സമയ റിപ്പോർട്ടിംഗ്, സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട് സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ എന്നിവ തത്സമയം പ്രചരിപ്പിക്കുന്നത് സർക്കാർ പ്രത്യേകം നിരോധിച്ചു.
ഇത്തരം വിവരങ്ങൾ നേരത്തെ വെളിപ്പെടുത്തുന്നത് ശത്രുക്കളെ സഹായിക്കാനും, ദൗത്യങ്ങളുടെ ഫലപ്രാപ്തിയെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ സുരക്ഷയെയും അപകടത്തിലാക്കാനും സാധ്യതയുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കാർഗിൽ യുദ്ധം, 26/11 മുംബൈ ഭീകരാക്രമണം, കാണ്ഡഹാർ വിമാനം റാഞ്ചൽ തുടങ്ങിയ മുൻകാല അനുഭവങ്ങൾ ഉദ്ധരിച്ച്, പ്രതിസന്ധി ഘട്ടങ്ങളിൽ നിയന്ത്രണമില്ലാത്ത മാധ്യമ കവറേജ് ദേശീയ താൽപ്പര്യങ്ങൾക്ക് ദോഷകരമായ അനന്തരഫലങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ദേശീയ സുരക്ഷ ഉയർത്തിപ്പിടിക്കുന്നതിൽ മാധ്യമങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, വ്യക്തിഗത ഉപയോക്താക്കൾ എന്നിവർക്ക് നിർണായക പങ്കുണ്ടെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഈ വ്യവസ്ഥകൾ ലംഘിച്ചാൽ ബാധകമായ നിയമങ്ങൾക്കനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.