Kerala
വിവരം നല്‍കിയില്ല: മൂന്ന് ഓഫീസര്‍മാര്‍ക്ക് 37,500 രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷണര്‍
ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, കോട്ടയം നഗരസഭാ സൂപ്രണ്ട്, ചവറ ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ക്കാണ് പിഴയിട്ടത്
തിരുവനന്തപുരം | വിവരാവകാശ പ്രകാരം അപേക്ഷകര്‍ക്ക് വിവരം നല്‍കുന്നതില്‍ അശ്രദ്ധ കാട്ടിയ മൂന്ന് ഓഫീസര്‍മാര്‍ക്ക് 37,500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മീഷന്‍. ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ് ഡി രാജേഷ്, കോട്ടയം നഗരസഭാ സൂപ്രണ്ട് ബോബി ചാക്കോ, ചവറ ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വി ലത എന്നിവര്‍ക്കാണ് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ അബ്ദുല്‍ഹക്കീം പിഴയിട്ടത്. ഇവര്‍ യഥാക്രമം 20,000, 15,000, 2,500 രൂപ വീതം പിഴയൊടുക്കണം.
കൊച്ചി കോര്‍പ്പറേഷനില്‍ എസ് ഡി രാജേഷ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരിക്കെ 2015 ഒക്ടോബറില്‍ കെ ജെ വിന്‍സന്റ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കാത്തതിനാണ് പിഴശിക്ഷ വിധിച്ചത്. വിവരം നല്‍കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടും നടപ്പാക്കിയില്ല. ഹിയറിംഗിന് വിളിച്ചിട്ടും ഹാജരായിരുന്നില്ല. കമ്മിഷന്‍ സമന്‍സ് അയച്ച് രാജേഷിനെ തലസ്ഥാനത്ത് വരുത്തുകയായിരുന്നു. വിന്‍സന്റ് ആവശ്യപ്പെട്ട വിവരങ്ങള്‍ ഏപ്രില്‍ 13നകം ഇപ്പോഴത്തെ ഓഫീസര്‍ ലഭ്യമാക്കാനും കമ്മീഷന്‍ ഉത്തരവായി.
2022 ഏപ്രിലില്‍ നല്‍കിയ അപേക്ഷക്ക് വിവരം നല്‍കാത്തതിലാണ് ബോബി ചാക്കോക്ക് ശിക്ഷ വിധിച്ചത്. ഇയാള്‍ കീഴ്ജീവനക്കാരന്റെ മേല്‍ ചുമതല ഏല്‍പിച്ച് ഒഴിഞ്ഞുമാറിയതായി കമ്മീഷന്‍ കണ്ടെത്തി. ഒന്നാം അപ്പീല്‍ അധികാരിയുടെ നടപടികള്‍ കമ്മിഷന്‍ ശരിവച്ചിട്ടുമുണ്ട്. ഏപ്രില്‍ 13നകം പിഴയൊടുക്കി ചലാന്‍ കമ്മീഷന് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.
വിവരം നല്‍കാമെന്ന് അറിയിച്ച് പണം അടപ്പിച്ചശേഷം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വിവരം നിഷേധിച്ചതിനാണ് ചവറ ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി ലതക്ക് 2,500 രൂപ പിഴയിട്ടത്. 2018ല്‍ ഇവര്‍ പന്തളം നഗരസഭയില്‍ പൊതു വിവരവിതരണ ഓഫീസറായിരുന്നപ്പോഴാണ് വീഴ്ച വരുത്തിയത്.