Connect with us

National

ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ യഥാസമയം പുറത്തുവിടും: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചതായി ചൂണ്ടിക്കാട്ടി എസ് ബി ഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Published

|

Last Updated

ജമ്മു | ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ് ബി ഐയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചിട്ടുണ്ടെന്നും പ്രസക്തമായ എല്ലാ വിവരങ്ങളും ‘യഥാസമയം’ പങ്കിടുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. 2019 ഏപ്രിൽ 12 മുതൽ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാൻ എസ്ബിഐയോട് സുപ്രീം കോടതി നിർദ്ദേശിച്ച പശ്ചാത്തലത്തിലാണ് രാജീവ് കുമാറിന്റെ പ്രസ്താവന.

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചതായി ചൂണ്ടിക്കാട്ടി എസ് ബി ഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2019 ഏപ്രില്‍ ഒന്ന് മുതല്‍ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകള്‍ വാങ്ങിയതായും അതില്‍ 22,030 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയതായും എസ് ബി ഐ സത്യവാങ്മൂലത്തില്‍ അറിയിച്ചു.

രണ്ട് പെന്‍ഡ്രൈവിലായാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറിയത്. ഇതിലെ രണ്ട് ഫയലുകള്‍ക്ക് പാസ് വേര്‍ഡ് നല്‍കിയതായും എസ് ബി ഐ അറിയിച്ചു. ബോണ്ടുകള്‍ വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതൊക്കെ ബോണ്ടുകള്‍ വാങ്ങിയെന്നുമുള്ള വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.

എസ്ബിഐ കൃത്യസമയത്ത് വിശദാംശങ്ങൾ നൽകിയതായി രാജീവ് കുമാർ പറഞ്ഞു. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ എത്തിയ അദ്ദേഹം വാർത്താലേഖകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് കമ്മീഷൻ തയ്യാറാണെന്നും രാജ്യത്തുടനീളം സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും മുഖ്യമതിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
വ്യാജവാർത്തകൾക്കെതിരെ തത്സമയം പ്രതികരിക്കാൻ എല്ലാ ജില്ലകളിലും സോഷ്യൽ മീഡിയ സെൽ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

85 വയസ്സിന് മുകളിലുള്ളവർക്കും അംഗവൈകല്യമുള്ളവർക്കും ജെകെയിൽ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest