Connect with us

Editors Pick

കൗതുകവും വിജ്ഞാനവും പകര്‍ന്ന് നോളജ് സിറ്റിയിലെ എക്‌സ്‌പോ

നടക്കാവ് സ്വദേശിയായ എം കെ അബ്ദുല്ലത്വീഫ് പതിറ്റാണ്ടുകള്‍ കൊണ്ട് സ്വരൂപിച്ച അപൂര്‍വ ശേഖരങ്ങളാണ് നോളജ് സിറ്റിയിലെ എക്‌സ്‌പോയിലെ പ്രധാന വിഭവം.

Published

|

Last Updated

നോളജ് സിറ്റി | കഴിഞ്ഞ ദിവസം ആരംഭിച്ച നോളജ് സിറ്റി ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ എക്‌സ്‌പോ സന്ദര്‍ഷകര്‍ക്ക് കൗതുകവും വിജ്ഞാനവും പകരുന്നു. നടക്കാവ് സ്വദേശിയായ എം കെ അബ്ദുല്ലത്വീഫ് പതിറ്റാണ്ടുകള്‍ കൊണ്ട് സ്വരൂപിച്ച അപൂര്‍വ ശേഖരങ്ങളാണ് നോളജ് സിറ്റിയിലെ എക്‌സ്‌പോയിലെ പ്രധാന വിഭവം.

246 രാജ്യങ്ങളിലെ നാണയങ്ങളുടെയും കറന്‍സികളുടെയും അതിബൃഹത്തായ ശേഖരം എക്‌സ്‌പോയിലുണ്ട്. കൂടാതെ, വിവിധ നാട്ടുരാജ്യങ്ങളുടെ നാണയങ്ങളും ബ്രിട്ടീഷ്- ഇന്ത്യ കാലത്തെ നാണങ്ങളും ശേഖരത്തിലുണ്ട്. 500 വര്‍ഷത്തിലധികം പഴക്കമുള്ളത് മുതല്‍ ഈ വര്‍ഷം ഇറങ്ങിയ നാണയം വരെ കാഴ്ചക്കാര്‍ക്ക് വലിയ അനുഭൂതിയാണ് നല്‍കുന്നത്. ഒരു രൂപയുടെത് മുതല്‍ 1,000 രൂപയുടെ നാണയം വരെയുള്ള വേറിട്ട കാഴ്ചയാണ് സന്ദര്‍ഷര്‍ക്ക് നല്‍കുന്നത്. 50, 60, 75, 200, 500 എന്നീ രൂപകളുടെ നാണയങ്ങളും പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 550 രൂപയുടെ നാണയം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണ് ലത്വീഫ്.

ലോകത്തെ ഏറ്റവും വലിയതുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകളുടെ വലിയ ശേഖരവും സ്റ്റാളിലുണ്ട്. അതോടൊപ്പം, വിവിധ നേട്ടങ്ങള്‍ക്ക് സമ്മാനിക്കുന്ന മെഡലുകളും കാഴ്ചക്കാരെ കാത്തിരിക്കുകയാണ്.

1951ല്‍ നടന്ന പ്രഥമ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ബാലറ്റ് പെട്ടി, താളിയോലകള്‍, രാജഭരണ കാലത്തെത് മുതലുള്ള ആധാരങ്ങള്‍- രേഖകള്‍, പഴയ പാസ്‌പോര്‍ട്ടുകള്‍, 1930കള്‍ മുതലുള്ള ഡയറി, പ്രധാന സംഭവങ്ങളുടെ പത്ര കട്ടിംഗുകള്‍, റേഡിയോ ഉപയോഗിക്കുന്നവര്‍ക്ക് അനുവദിച്ചിരുന്ന ലൈസന്‍സ് തുടങ്ങിയ ഓര്‍മകളുടെ സങ്കേതമാണ് എക്‌സ്‌പോ ഹാളിലുള്ളത്. ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകം, പതിറ്റാണ്ടുകള്‍ മുമ്പ് ഒരു രൂപക്ക് വില്‍പ്പന നടത്തിയിരുന്ന ലോട്ടറി ടിക്കറ്റ്, 200ലധികം രാജ്യങ്ങളിലെ ടെലികാര്‍ഡുകള്‍, ഇന്ത്യയില്‍ പാകിസ്ഥാനിലേക്ക് പോകാന്‍ അനുവദിച്ചിരുന്ന പാസ്‌പോര്‍ട്ട് എന്നിവയും കാണാവുന്നതാണ്.

അപൂര്‍വ ഇലക്ട്രിക് ഉപകരണങ്ങളുടെ വിശാലമായ ശേഖരം എക്‌സ്‌പോയിലുണ്ട്. പേജര്‍, ടെലഗ്രാം, ടൈപ്പ് റൈറ്റര്‍, മെഗാഫോണ്‍, ആദ്യകാല മൊബൈലുകള്‍, മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫാനും ഇസ്തിരിപ്പെട്ടിയും എല്ലാം ഇവിടെയുണ്ട്. ഇവക്ക് പുറമെ 700ല്‍ പരം ക്യാമറകളുടെ ശേഖരവും വലിയ ഓര്‍മകളാണ് സമ്മാനിക്കുന്നത്.
500ല്‍ പരം സ്ഥലങ്ങളില്‍ എക്‌സ്‌പോ നടത്തിയ അബ്ദുല്ലത്വീഫ് അപൂര്‍വമായ ചിത്രങ്ങളുടെ സൂക്ഷിപ്പുകാരന്‍ കൂടിയാണ്. മഹാത്മഗാന്ധിയുടെ 700ല്‍ പരം ഫോട്ടോകള്‍ ഉള്‍പ്പെടെ അപൂര്‍വ ശേഖരങ്ങള്‍ നോളജ് സിറ്റിയിലെ എക്‌സ്‌പോയെ ധന്യമാക്കുന്നുണ്ട്.

കൂടാതെ, നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ ജന്മദിന- ചരമദിന നമ്പറുകള്‍ വരുന്ന കറന്‍സികളുടെ വിശാല ശേഖരവും കൗതുകമുണര്‍ത്തുന്നതാണ്. ഫാന്‍സി നമ്പറുകള്‍ വരുന്ന നോട്ടുകള്‍ ആരെയും ആകര്‍ഷിക്കും.
കോഴിക്കോട് ജില്ലയിലെ 26 പ്രദേശങ്ങളില്‍ നിന്നുള്ള മണ്ണുകളുടെ ശേഖരവും അതിന്റെ വൈജാത്യങ്ങളും വേറിട്ട കാഴ്ചയാണ് ഒരുക്കുന്നത്.

നിരവധി റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കിയ ലത്വീഫ് എം കെയുടെ ശേഖരങ്ങളുടെ പ്രദര്‍ശനം കാണാന്‍ നിരവധി ആളുകളാണ് നോളജ് സിറ്റിയിലെത്തുന്നത്.