International
പരുക്ക് തിരിച്ചടിയാകുന്നു; നെയ്മര്‍ക്ക് അടുത്ത മത്സരം നഷ്ടമായേക്കും
സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പിക്കാനുള്ള മഞ്ഞപ്പടയുടെ മോഹത്തിന് നെയ്മറുടെ പരുക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്.
ദോഹ | ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് അടുത്ത മത്സരം നഷ്ടമാകും. സെര്‍ബിയക്കെതിരായ മത്സരത്തില്‍ കാലിനേറ്റ പരുക്കാണ് വില്ലനാകുന്നത്. 28ന് സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെയാണ് ബ്രസീലിന്റെ അടുത്ത കളി. ആദ്യ മത്സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പിക്കാനുള്ള മഞ്ഞപ്പടയുടെ മോഹത്തിന് നെയ്മറുടെ പരുക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്.
അതേ സമയം നെയ്മറുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.നെയ്മറുടെ കാല്‍ക്കുഴയില്‍ നീര് വന്നിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരാധകര്‍ ഏറെ സങ്കടത്തിലാണ്. നെയ്മറുടെ കാലില്‍ നീര്‍ക്കെട്ടുണ്ടെന്നും സ്‌കാനിംഗ് വേണ്ടിവരുമെന്നും ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ താരം കളിക്കും എന്ന പ്രതീക്ഷയാണ് സെര്‍ബിയക്കെതിരായ മത്സര ശേഷം ബ്രസീലിയന്‍ പരിശീലകന്‍ ടിറ്റെ പങ്കുവെച്ചത്.ബ്രസീല്‍-സെര്‍ബിയ കളിയുടെ അവസാന നിമിഷങ്ങളില്‍ നെയ്മര്‍ വേദന കാരണം സൈഡ് ബെഞ്ചില്‍ കണ്ണടച്ചിരിക്കുന്ന ദൃശ്യങ്ങള്‍ കാണാനായിരുന്നു. പിന്നീട് മുടന്തി മുടന്തിയാണ് നെയ്മര്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോയത്.