articles
വൈകുന്ന നീതിയിലെ അനീതി
ഇന്ത്യയില്‍ ജുഡീഷ്യറിയെ, പ്രത്യേകിച്ച് സുപ്രീം കോടതിയെ, ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ജനാധിപത്യത്തില്‍ അധികാര സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും പല നിര്‍ണായക സന്ദര്‍ഭങ്ങളിലും നീതിക്ക് വേണ്ടിയുള്ള കാലതാമസം ദുരുപയോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇവ ദുര്‍ബലരായ ജനവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നു.
“വൈകിയ നീതി, നീതി നിഷേധമാണ്’ എന്ന വാചകം ഇന്ത്യൻ നിയമ വ്യവസ്ഥയെ തുടർച്ചയായി വേട്ടയാടുന്ന ആരോപണമാണ്. ഭരണഘടനയുടെ അവിഭാജ്യമായ “സോഷ്യലിസവും’ “മതേതരത്വവും’ മാറ്റാനാകില്ലെന്ന് പറഞ്ഞ് സുപ്രീം കോടതി രാജ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ച ഈ സാഹചര്യത്തിൽ ഇത്തരം ചർച്ചകൾ കൂടെ നടക്കേണ്ടതുണ്ട്.
ഇന്ത്യയിൽ ജുഡീഷ്യറിയെ, പ്രത്യേകിച്ച് സുപ്രീം കോടതിയെ, ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യത്തിൽ അധികാര സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും പല നിർണായക സന്ദർഭങ്ങളിലും നീതിക്ക് വേണ്ടിയുള്ള കാലതാമസം ദുരുപയോഗങ്ങൾക്ക് കാരണമാകുന്നു. ഇവ ദുർബലരായ ജനവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നു. വൈകിയ ഇടപെടലിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളിലൊന്നാണ് “ബുൾഡോസർ രാജ്’. വർഷങ്ങളോളം തുടർന്ന ഈ കിരാത നടപടികൾക്ക് ശേഷം ഏകപക്ഷീയമായ പൊളിക്കലുകൾക്കെതിരെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത് ആഴ്ചകൾക്ക് മുന്നെ മാത്രമാണ്.
ഇത് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിൽ തുടർച്ചയായി നിലനിൽക്കുന്ന പ്രശ്നത്തെ തുറന്നുകാട്ടുന്നു. ഇലക്ടറൽ ബോണ്ട് പദ്ധതിയോ നോട്ട് നിരോധന കേസോ ഭോപ്പാൽ വാതക ദുരന്തമോ ബാബരി മസ്ജിദ് കേസോ ആകട്ടെ, നീണ്ടുനിൽക്കുന്ന ജുഡീഷ്യൽ ടൈംലൈനുകൾ ഭരണഘടനാപരമായ സംരക്ഷണങ്ങൾക്ക് ക്ഷതമേൽപ്പിച്ചു. സമൂഹത്തിനിടയിൽ ജുഡീഷ്യറിയെ സംബന്ധിച്ച സംശയങ്ങൾക്ക് നിമിത്തമായി.
2022 മുതൽ “ബുൾഡോസർ രാജ്’ ഒരു കുപ്രസിദ്ധമായ പദമായി മാറി. നിയമവിരുദ്ധമെന്ന് ഭരണകൂടം വ്യാഖ്യാനിക്കുന്ന കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിന് ബുൾഡോസർ രാജ് എന്ന പ്രയോഗം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഭരണകൂടത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന വിഷയങ്ങളിൽ ഇടപെടുന്ന പൗരനെ ഒതുക്കാനുള്ള ശിക്ഷാ നടപടികളായി അവരുടെ വാസസ്ഥലങ്ങൾ പൊളിക്കുക എന്ന അന്യായമായ പ്രവൃത്തിയുടെ പേരും ബുൾഡോസർ രാജെന്നായിരുന്നു. ഉത്തർ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ഇത് വ്യാപകമായി നടപ്പാക്കപ്പെട്ടു.
എന്നാൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ഇത്തരം ബുൾഡോസർ വേട്ടകൾ. പല പൊളിക്കലുകളും കൃത്യമായ നടപടി ക്രമങ്ങളില്ലാതെ സംഭവിച്ചു. നിയമാനുസൃതമായ നിർവഹണത്തേക്കാൾ പ്രതികാര ബോധവും വർഗീയ ലക്ഷ്യങ്ങളുമുള്ളതായിരുന്നു ഈ പ്രവർത്തനങ്ങളെല്ലാം.
ജനരോഷവും നിയമപരമായ വെല്ലുവിളികളും ഉണ്ടായിട്ടും സുപ്രീം കോടതി ഇടപെടൽ വൈകിപ്പിച്ചു. കഴിഞ്ഞ മാസം മാത്രമാണ്, ഭരണഘടനയുടെ 21ാം അനുഛേദ പ്രകാരം ജീവിക്കാനും അഭയം പ്രാപിക്കാനുമുള്ള മൗലികാവകാശത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി ഇത്തരം പൊളിച്ചുമാറ്റലുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചത്. എക്‌സിക്യൂട്ടീവ് വിവേചനാധികാരത്തിലല്ല, ജുഡീഷ്യൽ നടപടികളിലൂടെയാണ് ശിക്ഷാ നടപടികൾ തീരുമാനിക്കേണ്ടതെന്നും കോടതി ഊന്നിപ്പറഞ്ഞു.
ഈ തീരുമാനം പ്രശംസനീയമാണെങ്കിലും, കോടതിയുടെ ഇടപെടലിൽ സംഭവിച്ച കാലതാമസം സംസ്ഥാന സർക്കാറുകളെ അവരുടെ അധികാരങ്ങൾ ദുരുപയോഗം ചെയ്യാൻ അനുവദിച്ചു. രാഷ്ട്രവ്യവസ്ഥയിൽ ഇത് തിരിച്ചെടുക്കാനാകാത്ത ദോഷമുണ്ടാക്കി. ഇരകൾ വീടില്ലാത്തവരും സ്വത്വം നഷ്ടപ്പെട്ടവരുമായി മാറി.
2018ൽ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് സ്‌കീം, രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത സംഭാവനകൾ അനുവദിച്ചു. ഇത് തിരഞ്ഞെടുപ്പ് സുതാര്യതയെ ദുർബലപ്പെടുത്തി. ഇവ വിവരാവകാശത്തിന്റെ ലംഘനമാണെന്നും രാഷ്ട്രീയത്തിൽ അനിയന്ത്രിതമായ കോർപറേറ്റ് സ്വാധീനം സാധ്യമാക്കിയെന്നും തുടർന്ന് ഭരണകക്ഷിയായ ബി ജെ പിക്ക് നേട്ടമുണ്ടാക്കിയെന്നും വിമർശനങ്ങൾ ഉയർന്നു. ഈ ആശങ്കകൾക്കിടയിലും, സുപ്രീം കോടതി അതിന്റെ വിധി വൈകിപ്പിച്ചു. ആറ് വർഷത്തോളം ചോദ്യങ്ങളില്ലാത്ത ധനസഹായം അനുവദിച്ചു. ഒടുവിൽ, ആർട്ടിക്കിൾ 19(1)(എ)യുടെ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി 2024 ഫെബ്രുവരിയിൽ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഈ കാലതാമസം തിരഞ്ഞെടുപ്പ് ധനസഹായത്തിൽ അസമത്വം നിലനിർത്തുകയും ജനാധിപത്യ പ്രക്രിയയിലുള്ള പൊതുവിശ്വാസം ഇല്ലാതാക്കുകയും ചെയ്തു.
2016ലെ 500, 1,000 നോട്ടുകളുടെ അസാധുവാക്കൽ വ്യാപകമായി സാമൂഹികവും സാമ്പത്തികവുമായ തടസ്സങ്ങൾ സൃഷ്ടിച്ചു. പ്രത്യേകിച്ച് ചെറുകിട വ്യാപാര മേഖലയിലും ഗ്രാമപ്രദേശങ്ങളിലും. നയം നടപ്പാക്കിയതിന് തൊട്ടുപിന്നാലെ ഈ നയം ചോദ്യം ചെയ്യപ്പെട്ടു. എന്നിട്ടും 2023 ജനുവരിയിലാണ് സുപ്രീം കോടതി അതിന്റെ വിധി പുറപ്പെടുവിച്ചത്, ആറ് വർഷമെടുത്തു ഈ തീരുമാനത്തിന്.
1984ലെ ഭോപ്പാൽ വാതക ദുരന്തം ഇന്ത്യയിലെ ഇരുണ്ട വ്യാവസായിക ദുരന്തങ്ങളിലൊന്നായി തുടരുന്നു. ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും എണ്ണമറ്റവർ ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുകയും ചെയ്തു. നീതി ലഭിക്കാനുള്ള കാലതാമസം, അപര്യാപ്തമായ നഷ്ടപരിഹാരം തുടങ്ങിയവ ഈ സംഭവത്തിലും നിഴലിച്ചു.
ദുരന്തം സംഭവിച്ച് രണ്ടര പതിറ്റാണ്ടുകൾക്ക് ശേഷം 2010ൽ, ഏഴ് കമ്പനി ഉദ്യോഗസ്ഥർ കുറ്റക്കാരായി പ്രഖ്യാപിക്കപ്പെട്ടു. രണ്ട് വർഷത്തെ തടവുശിക്ഷ ഏറ്റുവാങ്ങി. അധിക നഷ്ടപരിഹാരത്തിനായുള്ള നിയമ നടപടികൾ 2010ലും തുടർന്നു. അപ്പോഴേക്കും നിരവധി ഇരകൾ മരിച്ചിരുന്നു.
ബാബരി മസ്ജിദ് തർക്കം 1949ൽ ആരംഭിച്ച് പതിറ്റാണ്ടുകളായി വർഗീയ സംഘർഷങ്ങളാലും രാഷ്ട്രീയ ഇടപെടലുകളാലും കളം നിറഞ്ഞാടി. 1992ലെ മസ്ജിദ് ധ്വംസനം രാജ്യവ്യാപകമായ കലാപത്തിലേക്ക് നയിക്കുകയും സമൂഹത്തിൽ ഭിന്നതകൾ സൃഷ്ടിക്കുകയും ചെയ്തു. 2019 നവംബറിൽ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചു. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ഹിന്ദു ട്രസ്റ്റിന് നൽകി. അതേസമയം പള്ളിക്ക് പകരം സ്ഥലം നൽകാൻ സർക്കാറിനോട് നിർദേശിച്ചു. വിധി പറഞ്ഞ് കേസ് അവസാനിപ്പിക്കാൻ കഴിഞ്ഞെങ്കിലും, പതിറ്റാണ്ടുകളുടെ കാലതാമസം സാമുദായിക സംഘർഷങ്ങൾ രൂക്ഷമാക്കാനും ഹിന്ദുത്വ ശക്തികളുടെ വളർച്ച ത്വരിതപ്പെടുത്താനും അനുവദിച്ചു. ഇത് സാമൂഹികവും രാഷ്ട്രീയവുമായ ധ്രുവീകരണത്തിന് കാരണമായി.
ദൂരവ്യാപക പ്രത്യാഘാതങ്ങൾ
ഇത്തരം സുപ്രധാന കേസുകളിലെ കാലതാമസം ഇന്ത്യൻ ജുഡീഷ്യറിയിലെ വ്യവസ്ഥാപരമായ പ്രശ്‌നങ്ങൾ വെളിപ്പെടുത്തുന്നു. 2024ലെ കണക്കനുസരിച്ച് 4.5 കോടിയിലധികം കേസുകൾ ഇന്ത്യൻ കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്നു. ഏകദേശം 70,000 കേസുകൾ സുപ്രീം കോടതിയിലുണ്ട്. ഈ ബാക്ക് ലോഗ് സമയബന്ധിതവും ഫലപ്രദവുമായ നീതി ലഭ്യമാക്കുക എന്ന ജുഡീഷ്യറിയുടെ ഉദ്ദേശ്യത്തെ അട്ടിമറിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ജഡ്ജിമാരുടെ കുറവ്, നടപടിക്രമങ്ങളിലെ അപാകത എന്നിവയാണ് ഈ കാലതാമസത്തിന് കാരണമെന്ന് മനസ്സിലാക്കാം. എന്നിരുന്നാലും, ബുൾഡോസർ രാജ്, ബാബരി മസ്ജിദ്, അല്ലെങ്കിൽ ഭോപ്പാൽ പോലുള്ള പൊതു പ്രാധാന്യമുള്ള കേസുകളിൽ, കാലതാമസം പലപ്പോഴും രാഷ്ട്രീയ സമ്മർദങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ഈ കാലതാമസം വ്യവഹാരക്കാരെ മാത്രമല്ല, സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒന്നാണ്.
കൃത്യസമയത്ത് നീതി ലഭ്യമാക്കുന്നതിന് ഘടനാപരമായ പരിഷ്‌കാരങ്ങൾ, വർധിച്ച ജുഡീഷ്യൽ ഉത്തരവാദിത്വം, സജീവമായ മേൽനോട്ട സംവിധാനങ്ങൾ എന്നിവ അത്യന്താപേക്ഷിതമാണ്. അതുവരെ, കാലതാമസം നേരിടുന്ന നീതി രാജ്യത്തെ ഏറ്റവും സുപ്രധാന സ്ഥാപനങ്ങളിലൊന്നിലുള്ള പൊതുവിശ്വാസത്തെ നശിപ്പിക്കുന്നത് തുടരും.