Connect with us

From the print

ഉൾനാടൻ മത്സ്യബന്ധനം നിയമവിരുദ്ധം

കർശന നടപടിക്കൊരുങ്ങി സർക്കാർ; മീൻ പിടിക്കുന്നവരും വീഡിയോ പ്രചരിപ്പിക്കുന്നവരും കുടുങ്ങും

Published

|

Last Updated

തിരുവനന്തപുരം | മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻപ്പിടിത്തത്തിനെതിരെ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. ഇത്തരത്തിൽ മീൻ പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഫിഷറീസ് വകുപ്പ് നടപടി കടുപ്പിക്കാൻ തീരുമാനിച്ചത്.

പ്രജനന കാലത്ത് മീനുകളുടെ സഞ്ചാരപഥത്തിന് തടസ്സം വരുത്തിയും കൂട്, അടിച്ചില്ല്, പത്തായം മുതലായ അനധികൃത മാർഗങ്ങളിലൂടെയും മീൻപിടിക്കുന്നത് കേരള ഉൾനാടൻ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചതാണ്. വിലക്ക് ലംഘിച്ച് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് 1,50,000 രൂപ പിഴയും മൂന്ന് മാസം തടവും ശിക്ഷ ലഭിക്കും. ദൃശ്യങ്ങൾ പങ്കുവെക്കുന്നവർക്കെതിരെയും നടപടിയെടുക്കും.

തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ ശുദ്ധജലത്തിൽ മുട്ടയിടുന്നതിനാണ് മത്സ്യങ്ങൾ മറ്റ് ജലാശയങ്ങളിൽ നിന്നും വയലുകൾ, തോടുകൾ, ചതുപ്പുകൾ, കനാലുകൾ എന്നിവിടങ്ങളിലേക്ക് കൂട്ടത്തോടെ കയറിവരുന്നത്. ഈ പ്രതിഭാസം “ഊത്ത’ എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്ത് മത്സ്യങ്ങളുടെ വയറുനിറയെ മുട്ടകളായിരിക്കും. കൂട്ടത്തോടെയെത്തുന്ന മീനുകൾക്ക് വേഗവും കുറവായിരിക്കും. ഒഴുക്കിനെതിരെ നീന്തി വരുന്ന ഈ മത്സ്യങ്ങളെ എളുപ്പത്തിൽ പിടിക്കാം.

ഇത്തരത്തിൽ മീൻ വേട്ട വ്യാപകമായത് ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിനിടയാക്കുമെന്ന സ്ഥിതി വന്നതോടെയാണ് ഊത്തപിടിത്തം നിരോധിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടാൽ ഫിഷറീസ്, റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർക്ക് നടപടി സ്വീകരിക്കാം.

സംസ്ഥാനത്തെ 44 നദികളിലും 127 ഉൾനാടൻ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളാണുള്ളത്. പരൽ, വരാൽ, കൂരി, കുറുവ, ആരൽ, മുഷി, പല്ലൻ, മഞ്ഞക്കൂരി, കോലൻ, പള്ളത്തി, മനഞ്ഞിൽ എന്നീ മത്സ്യങ്ങളാണ് ഊത്ത സമയത്ത് കൂടുതലായും കണ്ടുവരുന്നത്. ഈ സമയത്ത് പിടിക്കുന്ന മത്സ്യങ്ങളിൽ ഭക്ഷ്യയോഗ്യമായവയെ ഉപയോഗിക്കുകയും അല്ലാത്തവയെ നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ മത്സ്യ വംശനാശം സംഭവിക്കുന്നു. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ഊത്തപിടിക്കുന്നവർക്കും അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.

Latest