Connect with us

innocent

ഇന്നസെന്റിൻ്റെ സംസ്കാരം ഇന്ന്

ഇന്ന് രാവിലെ പത്തരയോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.

Published

|

Last Updated

കൊച്ചി/തൃശ്ശൂർ | മലയാളിയുടെ പ്രിയ നടനും മുൻ എം പിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി. ഇന്ന് രാവിലെ പത്തരയോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. പിതാവ് വറീതിന്റെയും മാതാവ് മർഗലീത്തയുടെയും കല്ലറകൾക്കടുത്താണ് സംസ്കാരം നടക്കുക. ആസ്വാദക ഹൃദയങ്ങളിൽ ചിരിയും ചിന്തയും നിറച്ച അതുല്യ പ്രതിഭക്ക് യാത്രമൊഴിയേകാൻ ഇന്നലെ ജനം ഒഴുകിയെത്തിയെത്തിയിരുന്നു. കലാ, സാംസ്‌കാരിക, സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായി കൊച്ചിയിലും ജന്മനാടായ ഇരിങ്ങാലക്കുടയിലുമെത്തിയത്.

ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിച്ചു.ലേക്ഷോർ ആശുപത്രിയിൽ നിന്ന് ഇന്നലെ രാവിലെ എട്ടോടെയാണ് ഇന്നസെന്റിന്റെ ഭൗതികശരീരം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചത്.
മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ, പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകൻ, മുകേഷ്, കുഞ്ചൻ, ദുൽഖർ സൽമാൻ, ജനാർദനൻ, വിനീത്, ബാബുരാജ്, സംവിധായൻ ജോഷി, ലാൽ ജോസ് തുടങ്ങിയവരുൾപ്പെടെയുള്ള പ്രമുഖരുടെ വൻ നിരയും കണ്ണീരോടെ പ്രിയ സഹപ്രവർത്തകന് യാത്രമൊഴിയേകാനെത്തിയിരുന്നു. 11.30 വരെയായിരുന്നു ഇവിടെ പൊതുദർശനം. ഇതിന് ശേഷം കെ എസ് ആർ ടി സിയുടെ എ സി ലോഫ്ലോർ ബസിൽ വിലാപയാത്രയായി മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയി.

“അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു, ബാബുരാജ്, സിദ്ദീഖ്, ദിലീപ് തുടങ്ങിയവർ വിലാപ യാത്രയെ അനുഗമിച്ചു. ആലുവ, അങ്കമാലി, ചാലക്കുടി, ആളൂർ എന്നിവിടങ്ങളിലും ജനങ്ങൾ അന്തിമോപചാരമർപ്പിച്ചു. ഉച്ചക്ക് രണ്ടോടെയാണ് മൃതദേഹം ഇരിങ്ങാലക്കുടയിലെത്തിച്ചത്. തങ്ങളുടെ പ്രിയ നടനെ ഒരു നോക്ക് കാണാൻ ഇവിടെയും വൻ ജനാവലി കാത്തുനിന്നിരുന്നു.
ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, സംവിധായകരായ പ്രിയദർശൻ, സത്യൻ അന്തിക്കാട് തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് മൃതദേഹം അദ്ദേഹത്തിന്റെ വീടായ പാർപ്പിടത്തിലേക്ക് കൊണ്ടുവന്നു. വീട്ടിലും നിരവധി പേരാണ് ഇന്നസെന്റിനെ അവസാനമായി ഒരു നോക്കുകാണാനെത്തിയത്.