Kerala
നവീന്‍ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപോര്‍ട്ട്
എന്നാല്‍ മൃതദേഹപരിശോധന റിപ്പോര്‍ട്ടില്‍ രക്തക്കറയുടെയോ പരുക്കിന്റെയോ പരാമര്‍ശങ്ങളില്ല.

പത്തനംതിട്ട | എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് ഇന്‍ക്വിസ്റ്റ് റിപോര്‍ട്ട്. ഒക്ടോബര്‍ 15ന് രാവിലെ നവീന്‍ ബാബു മരിച്ച ദിവസം പുറത്തുവന്ന കണ്ണൂര്‍ ടൗണ്‍ പോലീസ് തയ്യാറാക്കിയ ഇന്‍ക്വിസ്റ്റ് റിപോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എന്നാല്‍ മൃതദേഹപരിശോധന റിപോര്‍ട്ടില്‍ രക്തക്കറയുടെയോ പരുക്കിന്റെയോ പരാമര്‍ശങ്ങളില്ല. തുടകള്‍, കണങ്കാലുകള്‍, പാദങ്ങള്‍ എന്നിവ സാധാരണനിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എഫ്‌ഐആറിലും മറ്റു സംശയങ്ങള്‍ പറയുന്നില്ല.
മൃതദേഹപരിശോധന പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് മൃതദേഹ പരിശോധന മാറ്റണമെന്ന് ഡിസിപിയോട് ആവശ്യപ്പെട്ടിരുന്നു. പിപി ദിവ്യയുടെ ഭര്‍ത്താവും, കൈക്കൂലി ആരോപണമുന്നയിച്ച പ്രശാന്തനും ജോലിചെയ്യുന്ന സ്ഥലമായതിനാലാണ് പരിയാരത്തുനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം കലക്ടറോട് പറഞ്ഞപ്പോള്‍ ഒന്നും പേടിക്കാനില്ലെന്നും ഒരു ക്രമക്കേടും ഉണ്ടാകില്ലെന്ന് ഉറപ്പുതരുന്നുവെന്നും കലക്ടര്‍ അരുണ്‍ കെ വിജയന്‍ മറുപടി പറഞ്ഞുവെന്നും ബന്ധുക്കള്‍ പറയുന്നു.
ഒക്ടോബര്‍ 15-ന് രാവിലെ 10.15-ന് തുടങ്ങി 11.45-നാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. മരണവിവരമറിഞ്ഞ് പത്തനംതിട്ടയില്‍നിന്ന് കണ്ണൂരിന് തിരിച്ച ബന്ധുക്കള്‍ 11.50-ഓടെ
കണ്ണൂര്‍ പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചപ്പോഴാണ് ഇന്‍ക്വസ്റ്റ് കഴിഞ്ഞവിവരം അറിയുന്നത്.
അതേ സമയം, കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെത് കൊലപാതകമല്ല ആത്മഹത്യ തന്നെയാണെന്നാണ് പോലീസ് സിബിഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ പ്രതി ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്പില്‍വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് നവീന്‍ തൂങ്ങിമരിച്ചത്. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.