niyamasabha session
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ അന്വേഷണം: അടിയന്തിര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം വാക്കൗട്ട് നടത്തി
മുഖ്യമന്ത്രി നിയമസഭയില്‍ വരാതെ വിഷയത്തില്‍ നിന്ന് ഒളിച്ചോടിയതായി വി ഡി സതീശന്‍
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ എസ് എഫ് ഐ ഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിനു പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. അടിയന്തര പ്രമേയ നോട്ടീസിനുപോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായതെന്നു പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യമാണു പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്.
മാത്യു കുഴല്‍നാടന്‍ എം എല്‍ എയാണ് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്. റൂള്‍ 53 ചട്ട പ്രകാരം അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാകില്ലെന്നു സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു. കോടതി പരിഗണനയിലുള്ള വിഷയം പരിഗണിക്കരുതെന്നാണു ചട്ടമെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് അടിയന്തര പ്രമേയം തള്ളുകയായിരുന്നു.
തുടര്‍ന്ന് മറ്റു നടപടികളിലേക്കു സ്പീക്കര്‍ കടന്നു. ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഭരണപക്ഷ എം എല്‍ എമാര്‍ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് നേര്‍ക്കുനേരുള്ള വാക്ക്‌പോരാണുണ്ടായത്. പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്.കേരളം കൊള്ളയടിച്ച് പി വി ആന്‍ഡ് കമ്പനി എന്നെഴുതിയ ബാനറുമേന്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍നിന്നു പുറത്തു വന്നത്.
പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി സഭക്കു പുറത്തു പ്രതിപക്ഷാംഗങ്ങള്‍ കുത്തിയിരുന്നു പ്രതിഷേധം തുടര്‍ന്നു. സര്‍ക്കാര്‍ സ്ഥാപനമായ കെ എസ് ഐ ഡി സി കൂടി അന്വേഷണ പരിധിയിലുള്ള സാഹചര്യത്തിലാണ് പ്രതിഷേധത്തിലേക്ക് പ്രതിപക്ഷം കടന്നത്. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സിക്ക് പങ്കാളിത്തമുള്ള സി എം ആര്‍ എല്‍ കമ്പനിയില്‍ നിന്നു നല്‍കാത്ത സേവനങ്ങള്‍ക്കു പണം കൈപ്പറ്റി എന്ന ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെയും ആര്‍ ഒസി യുടെയും കണ്ടെത്തലുകളും അതിനെതുടര്‍ന്നു സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണവും സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.
മുഖ്യമന്ത്രി നിയമസഭയില്‍ വരാതെ വിഷയത്തില്‍ നിന്ന് ഒളിച്ചോടിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.