National
ഐ എൻ എസ് അരിഘട്ട്; ഇന്ത്യയുടെ രണ്ടാം ആണവ അന്തർവാഹിനി കമ്മീഷൻ ചെയ്തു
ഈ അന്തർവാഹിനിക്ക് 700 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളിൽ എത്താൻ കഴിയും
ന്യൂഡൽഹി | ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനി ഐ എൻ എസ് അരിഘട്ട് വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്തു. അരിഹന്ത് ക്ലാസ് ഇനത്തിൽ പെട്ട ഈ അന്തർവാഹിനി ഇന്ത്യയുടെ ഇന്ത്യയുടെ ആണവ ത്രയത്തെ ശക്തിപ്പെടുത്തുകയും ആണവ പ്രതിരോധം വർദ്ധിപ്പിക്കുകയും മേഖലയിൽ തന്ത്രപരമായ സന്തുലിതാവസ്ഥയും സമാധാനവും സ്ഥാപിക്കാൻ സഹായിക്കുകയും രാജ്യത്തിൻ്റെ സുരക്ഷയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നാവികരംഗത്തെ ഈ നാഴികക്കല്ല്, രാജ്യത്തിൻ്റെ നേട്ടമാണെന്നും പ്രതിരോധത്തിൽ ആത്മനിർഭർത (സ്വയംപര്യാപ്തത) കൈവരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ അചഞ്ചലമായ ദൃഢനിശ്ചയത്തിൻ്റെ തെളിവാണെന്നും ചടങ്ങിൽ പങ്കെടുത്ത പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
അരിഘട്ട് എന്ന സംസ്കൃത വാക്കാണ് അന്തർവാഹിനിക്ക് പേരായി നൽകിയത്. ‘ശത്രുക്കളെ കൊല്ലുന്നവൻ’ എന്നാണ് സംസ്കൃതത്തിൽ അതിൻ്റെ അർത്ഥം. വിശാഖപട്ടണത്ത് സ്ഥിതി ചെയ്യുന്ന കപ്പൽശാലയിലാണ് അന്തർവാഹിനി നിർമ്മിച്ചിരിക്കുന്നത്. കടലിൽ നിന്ന് 750 കിലോമീറ്റർ ദൂരപരിധിയുള്ള കെ-15 ബാലിസ്റ്റിക് മിസൈൽ (ന്യൂക്ലിയർ) ഐഎൻഎസ് അരിഘട്ടിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിന് പുറമെ 4000 കിലോമീറ്റർ ദൂരപരിധിയുള്ള കെ-4 മിസൈലും ഇന്ത്യൻ നാവികസേന ഈ അന്തർവാഹിനിയിൽ സജ്ജമാക്കും.
ഈ ആണവ അന്തർവാഹിനിയുടെ ഭാരം ഏകദേശം 6000 ടൺ ആണ്. ഐഎൻഎസ് അരിഘട്ടിൻ്റെ നീളം 111.6 മീറ്ററും വീതി 11 മീറ്ററുമാണ്. അതിൻ്റെ ആഴം 9.5 മീറ്ററാണ്. സമുദ്രോപരിതലത്തിൽ അതിൻ്റെ വേഗത മണിക്കൂറിൽ 12 മുതൽ 15 നോട്ട് (അതായത് 22 മുതൽ 28 കിലോമീറ്റർ വരെ) ആണ്.
24 K-15, BO-5 ഷോർട്ട് റേഞ്ച് മിസൈലുകൾ ഇതിൽ വിന്യസിച്ചിട്ടുണ്ട്. ഈ അന്തർവാഹിനിക്ക് 700 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളിൽ എത്താൻ കഴിയും. കടലിനടിയിൽ മിസൈൽ ആക്രമണം നടത്താനും ഐഎൻഎസ് അരിഘട്ടിന് കഴിയും.