Editorial
കടകളിലെ പരിശോധന ജനരോഷം തണുപ്പിക്കാനാകരുത്
ഭക്ഷ്യവിഷബാധയോ ഭക്ഷ്യദുരന്തമോ ഉണ്ടാകുമ്പോള്‍ അധികൃതരുടെ പരിശോധനകളും ബോധവത്കരണവും സജീവമാകും. താമസിയാതെ അത് മന്ദഗതിയിലാകുകയും കടക്കാര്‍ പഴയപടി മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന പുനരാരംഭിക്കുകയും ചെയ്യും.
തട്ടുകടകളില്‍ നിന്ന് ഒന്നും നോക്കാതെ ഉപ്പിലിട്ടതും മറ്റു ഭക്ഷ്യവസ്തുക്കളും വാങ്ങിക്കഴിക്കുന്നവരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിലുണ്ടായ സംഭവം. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ നിന്ന് ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്ന് രാസലായനി കഴിച്ച് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മാരകമായ പൊള്ളലേറ്റിരിക്കുകയാണ്. പഠനയാത്രയുടെ ഭാഗമായി അധ്യാപകര്‍ക്കൊപ്പം കോഴിക്കോട്ടെത്തിയ തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ ശനിയാഴ്ചയാണ് വരക്കല്‍ ബീച്ചിലെ പെട്ടിക്കടയില്‍ നിന്ന് ഉപ്പിലിട്ട പൈനാപ്പിള്‍ വാങ്ങിക്കഴിച്ചത്. നല്ല എരിവ് തോന്നിയ വിദ്യാര്‍ഥികളിലൊരാള്‍ മിനറല്‍ വാട്ടറെന്നു കരുതി അടുത്തുകണ്ട കുപ്പിയിലെ വെള്ളമെടുത്ത് കുടിച്ചപ്പോള്‍ തൊണ്ടയിലും അന്നനാളത്തിലും പൊള്ളലേറ്റു. അസ്വസ്ഥത തോന്നിയ കുട്ടി പെട്ടെന്ന് തുപ്പുകയും അത് മറ്റൊരു കുട്ടിയുടെ പുറത്തുവീഴുകയും ചെയ്തു. അതോടെ അവനും പൊള്ളലേറ്റു. ലായനി കുടിച്ചയുടന്‍ കുട്ടിയുടെ ശ്വാസം പൂര്‍ണമായും നിലച്ചുപോയ മട്ടിലായിരുന്നുവത്രെ. ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചതാണ് രക്ഷയായത്. പുറത്തു പൊള്ളലേറ്റ കുട്ടിയുടെ ദേഹത്തെ തൊലി കറുത്തു കരുവാളിച്ചിട്ടുണ്ട്. വീര്യംകൂടിയ അസറ്റിക് ആസിഡാണോ ലായനിയില്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്നതിനാല്‍ അധികൃതര്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
കുട്ടിയുടെ വായില്‍ നിന്ന് ആസിഡിന്റെ ഗന്ധം അനുഭവപ്പെട്ടതായും കുടിച്ചത് ആസിഡ് ചേര്‍ത്ത വിനാഗിരിയായിരിക്കാമെന്നുമാണ് ഡോക്ടര്‍മാരുടെ പ്രഥമ നിഗമനം. മാങ്ങ, പപ്പായ, കക്കിരി, പേരക്ക, കാരറ്റ്, പൈനാപ്പിള്‍, നെല്ലിക്ക തുടങ്ങിയവ ഉപ്പിലിട്ടു വില്‍ക്കുന്ന കടകള്‍ സംസ്ഥാനത്ത് വ്യാപകമാണ്. വില്‍പ്പനക്കായി ഇവ ഉപ്പിലിടുമ്പോള്‍ വേഗത്തില്‍ പാകമാകാനും ദിവസങ്ങളോളം ജാറുകളില്‍ സൂക്ഷിക്കുമ്പോള്‍ പൂപ്പലും കേടും വരാതിരിക്കാനും പൊട്ടാസ്യം ഡൈക്രോമറ്റ്, സോഡിയം പൊട്ടാസ്യം ഡൈക്രോമറ്റ് തുടങ്ങിയ മാരക രാസപദാര്‍ഥങ്ങളും ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ് വെള്ളവും ചേര്‍ക്കുന്നതായി നേരത്തേ പരാതിയുണ്ട്. സാധാരണ ഉപ്പിലിട്ട വസ്തുക്കള്‍ പരുവപ്പെടാന്‍ മൂന്ന് ദിവസമെങ്കിലും എടുക്കും. ബാറ്ററിവെള്ളം ചേര്‍ത്താല്‍ ഒറ്റദിവസം കൊണ്ട് പരുവപ്പെടുമെന്നാണ് പറയപ്പെടുന്നത്. ഭക്ഷണ പദാര്‍ഥങ്ങളില്‍ പൂപ്പലുകള്‍ തടയാനും മറ്റും ഉപയോഗിക്കുന്ന പല രാസവസ്തുക്കളും ക്യാന്‍സര്‍, മൂത്രാശയ രോഗങ്ങള്‍, അലര്‍ജി തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയതാണ്.
പെട്ടിക്കടകളിലെ ഭക്ഷ്യവസ്തുക്കളെക്കുറിച്ച് വ്യാപകമായി ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ “ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി’ നേരത്തേ സംസ്ഥാനത്തെ തെരുവ് ഭക്ഷണങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് “ക്ലീന്‍ സ്ട്രീറ്റ് ഫുഡ്’ എന്ന പേരില്‍ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. പെട്ടിക്കടകളില്‍ ഭക്ഷണങ്ങള്‍ വില്‍ക്കാന്‍ ലൈസന്‍സ്, വില്‍പ്പനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഭക്ഷണങ്ങള്‍ വില്‍ക്കുന്ന കടകളിലെ ശുചിത്വം ഉറപ്പാക്കുക, ശുദ്ധമായ വെള്ളം ലഭ്യമാക്കുന്നത് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കുക, പെട്ടിക്കടകള്‍ക്ക് ഏകീകൃത രൂപവും നിറവും തുടങ്ങിയവയായിരുന്നു അതോറിറ്റി മുന്‍വെച്ച നിര്‍ദേശങ്ങള്‍. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകളില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ നടപടികളില്ലാതെ ഈ പദ്ധതി നിലച്ചുപോയി. ഇത്തരം വില്‍പ്പന കേന്ദ്രങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്തണമെന്നാണ് ചട്ടമെങ്കിലും അത് നടക്കുന്നില്ല. ഇത്തരം കടകളിലെ ഭക്ഷ്യവസ്തുക്കള്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗവും നല്‍കുന്ന മുന്നറിയിപ്പുകള്‍ മിക്കവരും ഗൗരവമായി എടുക്കാറുമില്ല.
വീടിന്റെ വെളിയില്‍ നിന്ന്, വിശിഷ്യാ തട്ടുകടകളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങിക്കഴിക്കുമ്പോള്‍ പലവട്ടം ആലോചിക്കേണ്ട അവസ്ഥയാണിന്ന്. ഉപ്പിലിട്ടതിലും പാനീയങ്ങളിലുമെല്ലാം മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനകളില്‍ പലപ്പോഴും കണ്ടെത്തിയതാണ്. സംസ്ഥാനത്തെ ഐസ് പ്ലാന്റുകളില്‍ മീന്‍ കേടുവരാതിരിക്കാനായി ഫോര്‍മാലിന്‍ തുടങ്ങി മാരക വിഷാംശങ്ങള്‍ ചേര്‍ത്ത് ഐസ് ഉത്പാദിപ്പിക്കുന്നുണ്ട്. ഈ ഐസാണത്രെ ചില കച്ചവടക്കാര്‍ ശീതളപാനീയങ്ങളില്‍ ചേര്‍ക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളില്‍ ചില പെട്ടിക്കടകളിലെ ഐസ് ബ്ലോക്കുകളില്‍ മായം കണ്ടെത്തിയിരുന്നു. അതേസമയം ഐസ് പ്ലാന്റുകളില്‍ നിന്ന് ശീതളപാനീയക്കടകള്‍ക്ക് ഐസ് നല്‍കുന്നില്ലെന്നും അവര്‍ക്കെങ്ങനെ ഐസ് ലഭിക്കുന്നുവെന്ന് തങ്ങള്‍ക്കറിയില്ലെന്നുമാണ് ഐസ് മാനുഫാക്ചറേഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ഗുണനിലവാരമില്ലാത്ത വെള്ളം കുപ്പികളിലാക്കി ഉയര്‍ന്ന വിലയില്‍ വില്‍പ്പന നടത്തുന്നതും വൃത്തിഹീനമായ പാത്രങ്ങളുടെ ഉപയോഗവും തട്ടുകടകളിലും തെരുവുകളിലെ ചെറിയ കടകളിലും പതിവാണ്. ദിവസങ്ങളോളം പാത്രത്തില്‍ നിന്ന് മാറ്റുക പോലും ചെയ്യാത്ത എണ്ണ ഉപയോഗിച്ചാണ് ഇവിടെ എണ്ണപ്പലഹാരങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
രാസലായനി കുടിച്ച് കുട്ടികള്‍ക്ക് മാരകമായ പൊള്ളലേറ്റ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും കോര്‍പറേഷന്‍ ആരോഗ്യവിഭാഗവും ചേര്‍ന്ന് കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ കര്‍ശന പരിശോധന ആരംഭിച്ചിട്ടുണ്ട്. കടകളിലെ ഉപ്പിലിട്ട പഴങ്ങളുടെയും ഉപ്പിലിടാന്‍ ഉപയോഗിക്കുന്ന ലായനിയുടെയും സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയുമാണ്. പരിശോധന മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഭക്ഷ്യവിഷബാധയോ ഭക്ഷ്യദുരന്തമോ ഉണ്ടാകുമ്പോള്‍ അധികൃതരുടെ പരിശോധനകളും ബോധവത്കരണവും സജീവമാകും. താമസിയാതെ അത് മന്ദഗതിയിലാകുകയും കടക്കാര്‍ പഴയപടി മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന പുനരാരംഭിക്കുകയും ചെയ്യും. ജനരോഷം ഉയരുമ്പോള്‍ മാത്രം പരിശോധന എന്ന നിലപാട് മാറ്റി ആഴ്ചയിലൊരിക്കലെങ്കിലും ഇത്തരം കടകളില്‍ പരിശോധന നടത്താന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടു വന്നെങ്കിലേ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്താനാകൂ.