International
ഇന്‍സ്റ്റഗ്രാം റഷ്യയില്‍ നിരോധിച്ചെങ്കിലും പകരം റോസ്ഗ്രാം എത്തുന്നു
റോസ്ഗ്രാം മാര്‍ച്ച് 28 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാകും.
മോസ്‌കോ| ഫോട്ടോഷെയറിംഗ് ആപ്പ് ഇന്‍സ്റ്റഗ്രാം റഷ്യ കഴിഞ്ഞയാഴ്ചയാണ് നിരോധിച്ചത്. ഏകദേശം 80 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ റഷ്യയില്‍ ഉണ്ടെന്നാണ് കണക്ക്. രാജ്യത്ത് ഇന്‍സ്റ്റഗ്രാം നിരോധിച്ച ഈ അവസ്ഥയെ മുതലെടുക്കാന്‍ ഇറങ്ങുകയാണ് റഷ്യയിലെ ചില ടെക് സംരംഭകര്‍, റോസ്ഗ്രാം എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം കോപ്പി സോഷ്യല്‍മീഡിയ റഷ്യ ഇറക്കുന്നു. പേരിലെ സമാനതയ്ക്ക് പുറമേ, റോസ്ഗ്രാമിന്റെ രൂപകല്‍പ്പനയും ലേഔട്ടും ഇന്‍സ്റ്റഗ്രാമിന് സമാനമാണ്. റോസ്ഗ്രാം മാര്‍ച്ച് 28 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാകും എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും വ്യത്യസ്തമായി ‘ക്രൗഡ് ഫണ്ടിംഗും ചില ഉള്ളടക്കങ്ങള്‍ക്കുള്ള പണമടച്ചുള്ള ആക്സസ്സും’ പോലുള്ള പ്രത്യേകതകള്‍ റോസ്ഗ്രാമില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിറങ്ങളുടെ സ്‌കീമും ലേഔട്ടും മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമിന് സമാനമാണ്. റോസ്ഗ്രാമിന്റെ രൂപകല്‍പ്പനയെക്കുറിച്ച് ഇന്‍സ്റ്റഗ്രാം മാതൃകമ്പനി മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാര്‍ച്ച് 14 ന് റഷ്യന്‍ സ്റ്റേറ്റ് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ റോസ്‌കോംനാഡ്സോറാണ് ഇന്‍സ്റ്റഗ്രാം റഷ്യയില്‍ നിരോധിച്ചത്.