Connect with us

Kerala

ഇന്‍സ്റ്റഗ്രാം റീല്‍ തര്‍ക്കം: കുറ്റ്യാടിയില്‍ സീനിയേഴ്‌സ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പല്ല് അടിച്ചുകൊഴിച്ചു, പോലീസ് കേസെടുത്തു

സംഭവത്തില്‍ 12 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.

Published

|

Last Updated

കോഴിക്കോട്| കുറ്റ്യാടി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്. സംഭവത്തില്‍ 12 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോകുന്നവഴി ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹിഷാമാണ് പരാതി നല്‍കിയത്.പരുക്കേറ്റ ഇഷാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. കോല്‍ക്കളിയില്‍ മത്സരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ അവരുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ റീലായി പോസ്റ്റ് ചെയ്തതാണ് ആക്രമണത്തിലെത്തിയത്. ജൂനിയര്‍ വിദ്യാര്‍ഥികള്‍ അവരുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത റീലിന് കാഴ്ചക്കാര്‍ കൂടിയതോടെ ഇത് പിന്‍വലിക്കാര്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് തര്‍ക്കം സംഘര്‍ഷത്തിലേക്കെത്തിയത്.

രണ്ടു ദിവസംമുന്‍പ് ഈ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് വഴക്കുണ്ടായിരുന്നു. അധ്യാപകര്‍ ഇടപെട്ടാണ് അന്ന് സംഘര്‍ഷം ഒഴിവാക്കിയത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ അക്രമം. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റ്യാടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 14 വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സ്‌കൂളില്‍നിന്നും മാറ്റി നിര്‍ത്താന്‍ തീരുമാനമായി. പരാതിക്കാരുടെയും കുറ്റാരോപിതരുടെയും രക്ഷിതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനമായത്.

 

 

Latest