Connect with us

Kerala

ബസില്‍ ക്യാമറകള്‍ സ്ഥാപിക്കല്‍; സര്‍ക്കാറിന് അധിക ബാധ്യത എട്ട് കോടി

സ്വകാര്യ ബസുകള്‍ക്ക് ചെലവിന്റെ പകുതി തുകയും കെ എസ് ആര്‍ ടി സിക്ക് മുഴുവന്‍ തുകയും നല്‍കണം

Published

|

Last Updated

കൊച്ചി | മത്സരയോട്ടവും നിയമലംഘനവും തടയാന്‍ കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ യാത്രാ ബസുകളിലും ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാറിന് എട്ട് കോടിയോളം അധിക ബാധ്യതയാകും. ബസില്‍ നിന്ന് റോഡും ബസിന്റെ ഉള്‍വശവും കാണത്തക്ക വിധം രണ്ട് നിരീക്ഷണ ക്യാമറകള്‍ ഈ മാസം 28നുള്ളില്‍ സ്ഥാപിക്കണമെന്നാണ് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ 14ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശിച്ചത്.

ക്യാമറകള്‍ സ്ഥാപിക്കാന്‍ ചെലവായതിന്റെ വിഹിതം സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

സ്വകാര്യ ബസുകള്‍ക്ക് ചെലവിന്റെ പകുതി തുകയും കെ എസ് ആര്‍ ടി സിക്ക് മുഴുവന്‍ തുകയും നല്‍കാനാണ് തീരുമാനം. രണ്ട് ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ഓരോ ബസിനും 10,000 രൂപയോളം ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 5,000 രൂപ വരെ സ്വകാര്യ ബസുകള്‍ക്ക് അനുവദിക്കാനാണ് ധാരണയായത്.

സംസ്ഥാനത്ത് 7,300 സ്വകാര്യ ബസുകളും 4,200 കെ എസ് ആര്‍ ടി സി ബസുകളും സര്‍വീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇത് പ്രകാരം സ്വകാര്യ ബസുകള്‍ക്ക് 3.65 കോടി രൂപയും കെ എസ് ആര്‍ ടി സിക്ക്  4.20 കോടിയോളം രൂപയും റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്ന് നല്‍കേണ്ടിവരുമെന്നാണ് കരുതുന്നത്.

തുക ലഭിക്കാന്‍ ക്യാമറകളുടെ അസ്സല്‍ ബില്ലുകള്‍ സര്‍ക്കിള്‍ ഓഫീസര്‍മാരായ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം. ക്യാമറ സ്ഥാപിച്ചതിന് ശേഷമുള്ള മേല്‍നോട്ട ചുമതല മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും.