Editors Pick
ഉറക്കാനായി അമ്മ തൊട്ടിലിന് പകരം അടുപ്പിൽ കിടത്തി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
സംഭവത്തിൽ കുട്ടിയുടെ അമ്മ 26കാരിയായ മരിയ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മിസോറി (യുഎസ്) | ഉറക്കാൻ തൊട്ടിലിന് പകരം അമ്മ ‘അബദ്ധത്തിൽ’ അടുപ്പിൽ വെച്ച ഒരു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. യുഎസിലെ മിസോറിയിലെ കൻസാസ് സിറ്റിയിലാണ് ദാരുണമായ സംഭവമെന്ന് സ്കൈന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തൊട്ടിലെന്ന് കരുതി അമ്മ കുഞ്ഞിനെ അടുപ്പിൽ വെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കുട്ടിയുടെ അമ്മ 26കാരിയായ മരിയ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന വിവരത്തെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിൽ കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ‘ഭയങ്കരം’ എന്നാണ് പോലീസ് ഇതിനോട് പ്രതികരിച്ചത്.
കുട്ടിയുടെ വസ്ത്രങ്ങളും ഡയപ്പറുകളുമെല്ലാം കത്തിക്കരിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് കത്തിക്കരിഞ്ഞ കുഞ്ഞു പുതപ്പും കണ്ടെത്തി. എങ്ങനെയാണ് ഇത്തരമൊരു പിശക് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതൽ വിശദീകരണം അധികൃതർ നൽകിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, സംഭവത്തിൽ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്ന് ജാക്‌സൺ കൗണ്ടി പ്രോസിക്യൂട്ടിംഗ് അറ്റോർണി ജീൻ പീറ്റേഴ്‌സ് ബേക്കർ പറഞ്ഞു. മാതാവിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നു.