National
പ്രവാചക നിന്ദ: ടെലിവിഷന്‍ ഷോയുടെ അവതാരകക്ക് എതിരെയും കേസെടുത്തു
ബിജെപി നേതാക്കള്‍ പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ ടി വി ഷോയുടെ അവതാരക നവിക കുമാറിന് എതിരെയാണ് കേസ്
മുംബൈ | ബിജെപി നേതാക്കള്‍ പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ ടി വി ഷോയുടെ അവതാരകക്ക് എതിരെ മൂന്നാഴ്ചക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. ടൈംസ്‌നൗ ഗ്രൂപ്പ് എഡിറ്ററും പ്രൈം ടെം ന്യൂസ് ഷോ അവതാരകയുമായ നവിക കുമാറിന് എതിരെയാണ് കേസ്. ഒരു മുസ്ലീം പണ്ഡിതന്റെ പരാതിയില്‍ മഹാരാഷ്ട്രയിലെ പര്‍ഭാനിയിലെ നാനല്‍പേട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നവികകുമാര്‍ മതവികാരം വ്രണപ്പെടുത്താന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മുഹമ്മദ് നബി (സ)ക്ക് എതിരെ നിന്ദ്യമായ പരാമര്‍ശം നടത്തിയ ബി ജെ പി നേതാവ് നൂപുര്‍ ശര്‍മ്മയുടെ പേരും എഫ് ഐ ആറിലുണ്ട്.
ചാനല്‍ ചര്‍ച്ചയില്‍ വിവാദ പരാമര്‍ശങ്ങള്‍ക്ക് വഴിയൊരുക്കിയതിന്റെ പേരില്‍ മുമ്പും പല തവണ നവിക കുമാര്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ടൈംസ് നൗ 2021 ഉച്ചകോടിയില്‍ നടി കങ്കണ റണാവത്തുമായി നവിക അഭിമുഖം നടത്തിയിരുന്നു. ഈ അഭിമുഖത്തില്‍, 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോഴാണ് യാഥാര്‍ഥത്തില്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്ന് കങ്കണ പറഞ്ഞപ്പോള്‍ നിശബ്ദമായി കേട്ടുനില്‍ക്കുകയായിരന്നു നവിക. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനത്തിന് ശേഷം ടൈംസ് നൗ കങ്കണയുടെ അഭിപ്രായത്തെ ‘ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് അപമാനം’ എന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞ് വിവാദത്തില്‍ നിന്ന് തടിയൂരുകയായിരുന്നു.
അതേസമയം, തങ്ങളുടെ സംവാദങ്ങളില്‍ പങ്കെടുക്കുന്നവരോട് സംയമനം പാലിക്കണമെന്നും സഹ പാനലിസ്റ്റുകള്‍ക്കെതിരെ പാര്‍ലിമെന്ററിയില്ലാത്ത ഭാഷയില്‍ സംസാരിക്കരുതെന്നും അഭ്യര്‍ഥിക്കാറുണ്ടെന്ന് ചാനല്‍ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വിഷലിപ്തമായ ശബ്ദങ്ങള്‍ക്ക് സാധുത നല്‍കുന്നതിന്റെ പേരില്‍ ടൈംസ് നൗ പോലുള്ള ടിവി ചാനലുകളെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും വിമര്‍ശിച്ചിട്ടുണ്ട്.
16 വര്‍ഷത്തിലേറെയി ടൈംസ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമായുള്ള നവിക കുമാര്‍ ടൈംസ് നൗ ചാനലിന്റെ രാഷ്ട്രീയനയ ചുമതലയുള്ള ഗ്രൂപ്പ് എഡിറ്ററാണ്. ചാനലിനു പുറമെ ടൈംസ് നൗ ന്യൂസ് ഡോട്ട് കോം, മിറര്‍ നൗ, ഇടി നൗ എന്നിവയുടെയും റിപ്പോര്‍ട്ടിങ് നയം തീരുമാനിക്കുന്നത് നവികയാണ്.