National
ദേശീയ ഗാനത്തെ അപമാനിച്ചു; അഞ്ച് ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരെ രണ്ടാമത്തെ കേസ്
ബംഗാളിലെ ബി.ജെ.പി എംഎല്‍എമാര്‍ തുടര്‍ച്ചയായി രണ്ട് ദിവസങ്ങളിലും ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചതായി ടി.എം.സി മന്ത്രി തപസ് റോയ് പറഞ്ഞു.

കൊല്‍ക്കത്ത| സംസ്ഥാന നിയമസഭയിലെ പ്രതിഷേധത്തിനിടയില്‍ ദേശീയ ഗാനത്തെ അപമാനിച്ചു എന്നാരോപിച്ച് അഞ്ച് ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരെ കൊല്‍ക്കത്ത പോലീസ് രണ്ടാമത്തെ കേസ് ഫയല്‍ചെയ്തു. ഡിസംബര്‍ നാലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എമാര്‍ക്ക് കൊല്‍ക്കത്ത പോലീസിന്റെ ഡിറ്റക്ടീവ് വിഭാഗം നോട്ടീസ് അയച്ചു.
നിയമസഭാ വളപ്പില്‍ നടന്ന പ്രതിഷേധത്തില്‍ തൃണമൂല്‍ എം.എല്‍.എമാര്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ നിയമസഭാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് 11 ബി.ജെ.പി എം.എല്‍.എമാരുടെ പേരുകള്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യമായ ദൃശ്യങ്ങള്‍ ശേഖരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
നവംബര്‍ 29ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഫണ്ട് തടഞ്ഞുവെച്ചതിന് നടത്തിയ പ്രതിഷേധത്തിനിടെ ബി.ജെപി എം.എല്‍.എമാര്‍ ബഹളമുണ്ടാക്കുകയായിരുന്നു. പ്രതിഷേധം അവസാനിച്ചപ്പോള്‍ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാന്‍ മമത ബാനര്‍ജി ആവശ്യപ്പെട്ടിട്ടും ബി.ജെപി എം.എല്‍.എമാര്‍ ബഹളമുണ്ടാക്കല്‍ തുടരുകയായിരുന്നു.
ബംഗാളിലെ ബി.ജെ.പി എംഎല്‍എമാര്‍ തുടര്‍ച്ചയായി രണ്ട് ദിവസങ്ങളിലും ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചതായി ടി.എം.സി മന്ത്രി തപസ് റോയ് പറഞ്ഞു. അതേസമയം നിയമസഭയിലെ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള ടി.എം.സിയുടെ ശ്രമമാണിത്. സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കുകയാണ് ആരോപണത്തിന്റെ ലക്ഷ്യമെന്നും ബി.ജെ.പി പ്രതികരിച്ചു.