rahul mankoottathil
പത്മജക്കെതിരെ അധിക്ഷേപം: കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനം
അഹങ്കാരത്തിന്റെ ഭാഷയാണ് രാഹുല്‍ ഉപയോഗിക്കുന്നതെന്ന് ശൂരനാട് രാജശേഖരന്‍
തിരുവനന്തപുരം | കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെ വ്യക്തിപരമായി അധിക്ഷേപിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ രൂക്ഷ വിമര്‍ശനം. അഹങ്കാരത്തിന്റെ ഭാഷയാണ് രാഹുല്‍ ഉപയോഗിക്കുന്നതെന്നും ലീഡര്‍ കെ കരുണാകരന്റെ പേരുപയോഗിച്ചുള്ള അധിക്ഷേപം ഹീനമാണെന്നും വിമര്‍ശനമുയര്‍ന്നു.
ശൂരനാട് രാജശേഖരനാണ് യോഗത്തില്‍ ഏറ്റവും ശക്തമായി ഈ വിഷയം ഉന്നയിച്ചത്. രാഹുല്‍ അഹങ്കാരത്തിന്റെ ഭാഷ ഉപയോഗിക്കുമ്പോള്‍ അതിന്റെ ആഘാതത്തെക്കുറിച്ചു ചിന്തിച്ചില്ല. പത്മജ പാര്‍ട്ടി വിട്ടതിനെ ന്യായീകരിക്കുന്നില്ലെന്നും ശൂരനാട് കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ പരാമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നു പറഞ്ഞു കൂടുതല്‍ ചര്‍ച്ച ഈ വിഷയത്തില്‍ നടത്താന്‍ വി ഡി സതീശന്‍ അനുവദിച്ചില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടു പോയാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് അന്തരീക്ഷത്തില്‍ ഇത്തരം ചര്‍ച്ചകളിലേക്കു പോകുന്നത് ഗുണം ചെയ്യില്ലെന്നും എം എം ഹസ്സനും പറഞ്ഞു.
തന്തക്ക് പിറന്ന മകളോ തന്തയെക്കൊന്ന സന്തതിയോ എന്നാണ് രാഹുല്‍ മാങ്കുട്ടത്തില്‍ പത്മജയെക്കുറിച്ച് പറഞ്ഞത്. പത്മജ തോറ്റത് പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന മണ്ഡലങ്ങളില്‍ ആണെന്നും കരുണാകരന്റെ പാരമ്പര്യം പത്മജ എവിടെയെങ്കിലും പറഞ്ഞാല്‍ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. പരാമര്‍ശത്തിനെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമാണ് പരസ്യമായി രംഗത്തെത്തിയത്. മാങ്കൂട്ടത്തില്‍ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്നും സ്ത്രീകളെ അപമാനിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്.
തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ രാഹുലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ വേണുഗോപാല്‍ പ്രതികരിച്ചിരുന്നു. ടി വി ചര്‍ച്ചകളിലൂടെ നേതാവായി വന്നവര്‍ക്കു മറുപടി പറയാന്‍ താനില്ലെന്നും രാഹുലിന്റെ അധിക്ഷേപത്തിനെതിരെ പത്മജ പറഞ്ഞിരുന്നു. കെ കരുണാകരനെ അപമാനിക്കും വിധമുള്ള രാഹുലിന്റെ പരാമര്‍ശത്തെക്കുറിച്ചു പ്രതികരിക്കാന്‍ കെ മുരളീധരന്‍ തയ്യാറായിരുന്നില്ല.