maoist attack
ഓടിരക്ഷപ്പെട്ട രണ്ടു വനിത മാവോയിസ്റ്റുകള്‍ക്കായി ഉള്‍ക്കാടുകളില്‍ ഊര്‍ജിത തിരച്ചില്‍
ഇവര്‍ക്കു വെടിയേറ്റതായി സൂചനയുള്ളതിനാല്‍ ആശുപത്രികള്‍ നിരീക്ഷണത്തില്‍
കല്‍പറ്റ | വയനാട് ചപ്പാരം കോളനിയിലെ ഏറ്റുമുട്ടലിനു പിന്നാലെ ഓടിരക്ഷപ്പെട്ട രണ്ടു വനിത മാവോയിസ്റ്റുകള്‍ക്കായി പെരിയയിലെ ഉള്‍ക്കാടുകളില്‍ ഊര്‍ജിത തിരച്ചില്‍. സംഘത്തില്‍ ഉണ്ടായിരുന്ന ലതയും സുന്ദരിയും കാട്ടിലേക്ക് ഓടിമറഞ്ഞു. ഇവര്‍ക്ക് വെടിയേറ്റതായി സംശയമുണ്ട്. ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും ആശുപത്രികളെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.
ബാണാസുര ദളത്തിലെ കമാന്‍ഡര്‍ ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് തണ്ടര്‍ബോള്‍ട്ട് ഇന്നലെ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടില്‍ രാത്രി എത്തിയതായിരുന്നു നാലംഗ സായുധസംഘം. കഴിഞ്ഞ ദിവസം പിടിയിലായ മാവോയിസ്റ്റ് സന്ദേശ വാഹകന്‍ തമ്പി എന്ന ഷിബുവില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ആണ് പോലീസ് നീക്കത്തിനു വഴി ഒരുക്കിയത്.
മൊബൈല്‍ ഫോണുകള്‍ ചാര്‍ജിന് വെച്ച് ഭക്ഷണം കഴിക്കാന്‍ ഒരുങ്ങിയപ്പോള്‍ തണ്ടര്‍ബോള്‍ട്ട് സംഘം വീട് വളയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പെരിയ കാടുകളില്‍ പോലീസ് നടത്തിയ വ്യാപക തെരച്ചിലില്‍ മൂന്നു തോക്കുകള്‍ പോലീസ് പിടിച്ചെടുത്തതായി വിവരമുണ്ട്. എ ഡി ജി പി ഉച്ചകഴിഞ്ഞു വയനാട്ടില്‍ എത്തും.
വടക്കേ വയനാട്ടില്‍ മാവോയിസ്റ്റുകള്‍ സംഘടിച്ചതായാണു വിവരം. പോലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും കണ്ണുവെട്ടിച്ച് തലപ്പുഴയിലും പേരിയിലും ഇവര്‍ പ്രത്യക്ഷപ്പെടാറുണ്ട്.