Ongoing News
കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പില്‍ നിന്ന് ഇന്റര്‍ മയാമി പുറത്ത്
ലയണല്‍ മെസ്സി ആദ്യ ഇലവനില്‍ ഉണ്ടായിട്ടും മയാമിക്ക് രക്ഷയുണ്ടായില്ല
മെക്‌സിക്കോ | കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പില്‍ നിന്ന് കനത്ത തോല്‍വിയോടെ മെസ്സിയും ഇന്റര്‍ മയാമിയും പുറത്തായി. മെക്‌സികന്‍ ക്ലബായ മോണ്ടറെയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മെസ്സിയുടെ ഇന്റര്‍ മയായി ദയനീയ പരാജയം ഏറ്റുവാങ്ങിയത്. പരുക്ക് കാരണം ആദ്യ പാദ മത്സരത്തില്‍ ഇല്ലാതിരുന്ന ഇതിഹാസ താരം ലയണല്‍ മെസ്സി ആദ്യ ഇലവനില്‍ ഉണ്ടായിട്ടും മയാമിക്ക് രക്ഷയുണ്ടായില്ല.
ആദ്യ പാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മോണ്ടറെ ജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്‌കോര്‍ 5-3 ലെത്തിച്ചാണ് മോണ്ടറെ സെമി ഫൈനലിലെത്തിയത്. ബ്രാന്‍ഡന്‍ വാസ്‌കസയിലൂടെ 31ാം മിനുറ്റിലാണ് മോണ്ടറെ ആദ്യ ഗോള്‍ നേടിയത്. മയാമി ഗോള്‍ കീപ്പര്‍ ഡ്രേക്ക് കലണ്ടെര്‍ ബോക്‌സിനടുത്ത് നിന്ന് പന്ത് പാസ് ചെയ്തത് പിഴച്ചതാണ് വാസ്‌കസയിലൂടെ മോണ്ടറെക്ക് ആദ്യ ഗോളിനുള്ള വഴിയൊരുക്കിയത്.
58 ാം മിനുറ്റില്‍ ബെര്‍റ്ററമെ മോണ്ടറെക്ക് വേണ്ടി രണ്ടാം ഗോള്‍ നേടി. 64 ാം മിനുറ്റില്‍ ഗല്ലാര്‍ഡോ മൂന്നാം ഗോള്‍ കണ്ടെത്തിയതിലൂടെ ലീഡ് 3-0 ത്തിലെത്തി. ഇതോടെ മെസ്സിയും സംഘവും അതിദയനീയ പരാജയത്തിന്റെ വക്കിലെത്തി.
ഇതിനിടെ 78 ാം മിനുറ്റില്‍ മയാമി താരം ജോര്‍ദി ആല്‍ബ ചുവപ്പ് കാര്‍ഡ് കിട്ടി കളം വിട്ടതോടെ ടീം പത്ത് പേരില്‍ ചുരുങ്ങി. നിശ്ചിത സമയം അവസാനിക്കാന്‍ അഞ്ചു മിനുറ്റ് ബാക്കി നല്‍കെ മയാമിക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് മെസ്സി ബോക്‌സിലേക്ക് തുടുത്തു വിട്ടപ്പോള്‍ ഡിയേഗോ ഗോമസ് അനായാസം ഹെഡറിലൂടെ ടീമിന്റെ ആശ്വാസ ഗോള്‍ നേടി.