Connect with us

National

മൂന്നാം തവണയും പലിശ നിരക്കില്‍ മാറ്റമില്ല; റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക്, ബേങ്ക് റേറ്റ് എന്നിവ 6.75 ശതമാനമായും തുടരും.

Published

|

Last Updated

ന്യൂഡല്‍ഹി| മൂന്നാം തവണയും പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരാന്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ തീരുമാനം. റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ തുടര്‍ച്ചയായി ആറു തവണ വര്‍ധിപ്പിച്ച റിപ്പോ നിരക്ക് ഏപ്രില്‍ മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. 250 അടിസ്ഥാന പോയിന്റുകളാണ് ആറു തവണയായി പലിശ നിരക്ക് കൂട്ടിയത്.

ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി തുടര്‍ച്ചയായ മൂന്നാം യോഗത്തിലും റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക്, ബേങ്ക് റേറ്റ് എന്നിവ 6.75 ശതമാനമായും തുടരും. ആവശ്യമെങ്കില്‍ തുടര്‍ യോഗങ്ങളില്‍ പലിശ നിരക്ക് ക്രമീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ പണപ്പെരുപ്പം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പച്ചക്കറികളുടെ വിലക്കയറ്റം പണപ്പെരുപ്പത്തെ ബാധിച്ചിട്ടുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുകയാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയ്ക്ക് കഴിയും. നമ്മുടെ സമ്പദ്വ്യവസ്ഥ വേഗതയില്‍ വളരുന്നുണ്ടെന്നും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest