Kerala
ലീഗിലെ ആഭ്യന്തര തർക്കങ്ങൾ ചേരിപ്പോരാകുന്നു; പോർവിളികളുമായി കുഞ്ഞാലിക്കുട്ടി, ഷാജി വിഭാഗങ്ങൾ
സാമൂഹിക മാധ്യമങ്ങളില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവര്‍ കെ എം ഷാജിയെ അനുകൂലിക്കുന്നവര്‍ എന്നിങ്ങനെയാണ് പോര്‍ വിളി. നടപടിക്കു വിധേയനായ കെ എസ് ഹംസ കെ എഷം ഷാജി പക്ഷക്കാരനാണ്. കുഞ്ഞാലിക്കുട്ടിക്കു പകരക്കാരനായി കെ എം ഷാജിയെ പ്രതിഷ്ഠിക്കാനുള്ള ആസൂത്രിതമായ നീക്കം ലീഗില്‍ ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് |മുസ്‍ലിം ലീഗില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ ശക്തമായ ചേരിപ്പോരിലേക്ക്. ലീഗ് പ്രവര്‍ത്തക സമിതിയോഗത്തില്‍ മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആസൂത്രിതമായി വിമര്‍ശനം ഉന്നയിക്കുകയും അത് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കുകയും ചെയ്ത സംഭവത്തോടെ പ്രവര്‍ത്തകര്‍ ഇരു ചേരികളായി തിരിഞ്ഞു. വിമര്‍ശനത്തിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടി രാജി സന്നദ്ധത പ്രകടിപ്പിച്ചു എന്നതടക്കമുള്ള വാര്‍ത്ത ചോര്‍ത്തിയതിന്റെ പേരില്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതോടെ പ്രവര്‍ത്തകര്‍ രണ്ടു ചേരികളായി തിരിഞ്ഞു പോര്‍വിളി തുടങ്ങി.
സാമൂഹിക മാധ്യമങ്ങളില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവര്‍ കെ എം ഷാജിയെ അനുകൂലിക്കുന്നവര്‍ എന്നിങ്ങനെയാണ് പോര്‍ വിളി. നടപടിക്കു വിധേയനായ കെ എസ് ഹംസ കെ എഷം ഷാജി പക്ഷക്കാരനാണ്. കുഞ്ഞാലിക്കുട്ടിക്കു പകരക്കാരനായി കെ എം ഷാജിയെ പ്രതിഷ്ഠിക്കാനുള്ള ആസൂത്രിതമായ നീക്കം ലീഗില്‍ ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും കാലങ്ങളായി പി കെ കുഞ്ഞാലിക്കുട്ടി കാത്തൂസൂക്ഷിക്കുന്ന പാര്‍ട്ടിയിലെ താര പരിവേഷം ഷാജിയെ മുന്‍ നിര്‍ത്തി പൊളിക്കാനാണു ശ്രമം നടക്കുന്നത്.
അടുത്ത കാലത്തു നടന്ന ലീഗ് പരിപാടികളില്‍ ഷാജിക്ക് പ്രത്യേക വരവേല്‍പ്പുകളും ഷാജിയുടെ പ്രസംഗത്തിനു വേണ്ടിയുള്ള ബഹളം വയ്ക്കലുമെല്ലാം ചില കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഷാജിക്കെതിരെ ഉയര്‍ന്ന അഴിമതി, അവിഹിത സ്വത്ത്, കള്ളപ്പണ ആരോപണങ്ങളും നിയമ നടപടികളും മറുപക്ഷം ആസൂത്രണം ചെയ്തതാണെന്നാണ് ഷാജിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ രൂപപ്പെട്ടിട്ടുള്ള അസംതൃപ്തി മുതലാക്കിയാണ് ഇപ്പോള്‍ ഒരു വിഭാഗം പരസ്യമായ ചേരിപ്പോരിനു തയ്യാറാവുന്നത്. സംഘടനാ പരമായ ശരിയായ ചാനലിലൂടെ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ നേടുന്നതിനു ധാരാളം തടസ്സങ്ങള്‍ ഉണ്ട് എന്നതിനാലാണ് കെ എം ഷാജി നയിക്കുന്ന വിഭാഗം മറ്റു വഴികള്‍ തേടുന്നത്. ഷാജിയുടെ വഴി മുടക്കുന്നതു പ്രധാനമായും ഇ കെ വിഭാഗം സുന്നികളുടെ നിലപാടുകളാണ്. ഇതിനെ മറികടന്നു കുഞ്ഞാലിക്കുട്ടിയുടെ ജനപ്രിയത പിടിച്ചെടുക്കാനാണ് കെ എം ഷാജി ശ്രമിക്കുന്നത്.
കഴിഞ്ഞദിവസം കൊച്ചിയില്‍ച്ചേര്‍ന്ന മുസ്ലിംലീഗ് പ്രവര്‍ത്തകസമിതി ഇത്തരം നീക്കങ്ങളുടെ ആസൂത്രിതവേദിയായി മാറുകയായിരുന്നു. നേരത്തെ പല ഘട്ടങ്ങളിലായി പി കെ കുഞ്ഞാലിക്കുട്ടിയെ അധിക്ഷേപിക്കാന്‍ കെ എസ് ഹംസയെ മുന്‍നിര്‍ത്തി ശ്രമമുണ്ടായിരുന്നു.
നിരന്തരം അച്ചടക്കലംഘനം നടത്തിയെന്ന ആരോപണത്തിലാണ് ഇപ്പോള്‍ ഹംസയെ അന്വേഷണ വിധേയമായി സംസ്ഥാ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തത്. ലോക്സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ കെ എസ് ഹംസ നേരത്തെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രവര്‍ത്തക സമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മറ്റു രണ്ടു പേര്‍ക്കൊപ്പമാണ് ഹംസയും ആഞ്ഞടിച്ചത്.
കെ.എസ്.ഹംസ പ്രസംഗിക്കുന്നതിനിടെ കുഞ്ഞാലിക്കുട്ടി അനുകൂലികളായ നേതാക്കള്‍ എഴുന്നേറ്റ് നിന്ന് പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ക്കിടെയാണ് കുഞ്ഞാലിക്കുട്ടി രാജി സന്നദ്ധത അറിയിച്ചത്. കുഞ്ഞാലിക്കുട്ടി വിമര്‍ശനം മടുത്ത് രാജിക്കൊരുങ്ങിയെന്ന ആരോപണം സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന പി എം എ സലാം തള്ളിയതിനു പിന്നാലെയാണ് ഹംസക്കെതിരെ അച്ചടക്ക നടപടിയുണ്ടായത്. ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ എല്ലാ അംഗങ്ങളും അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നു പറഞ്ഞതു പിന്നാലെ അച്ചടക്ക നടപടി പ്രഖ്യാപിച്ചതും അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കി.
കെ എസ് ഹംസയ്ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചതിനു പിന്നാലെ പ്രതികരണവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍ രംഗത്തുവന്നു. ജനാധിപത്യ പാര്‍ട്ടിയാണ് ലീഗെന്നു പറഞ്ഞതിനു പിന്നാലെ രാത്രി ഹംസയെ സസ്പെന്‍ഡ് ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ ലീഗെന്ന ജനാധിപത്യ പാര്‍ട്ടി ഏകാധിപത്യ പാര്‍ട്ടിയായത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. കളി ഇനിയും ഒരുപാട് കാണാനുണ്ടെന്നും കെ ടി ജലീല്‍ പ്രതികരിച്ചു.
പിണറായി വിജയനെ കാണുമ്പോള്‍ ചില ലീഗ് നേതാക്കള്‍ക്ക് മുട്ടിടിക്കുന്നുവെന്ന് ദിവസങ്ങള്‍ക്കു മുമ്പ് കെ എം സി സി യുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കെ എം ഷാജി പറഞ്ഞതും പ്രവര്‍ത്തക സമിതിയിലെ കുഞ്ഞാലിക്കൂട്ടിക്കെതിരായ വിമര്‍ശനവും സമാനമാണ്. സ്വന്തം വാപ്പമാര്‍ പറഞ്ഞിട്ടല്ല, നേതാക്കന്മാര്‍ പറഞ്ഞിട്ടാണ് പ്രവര്‍ത്തകര്‍ സമരമുഖത്തേക്കിറങ്ങുന്നത്. ആ അണികളെ വഴിയിലിട്ടിട്ട് ഇരുട്ടിന്റെ മറവില്‍ പോയി മറ്റുള്ളവര്‍ക്ക് സ്തുതി പാടുന്നവരുടെ കാപട്യം തിരിച്ചറിയണമെന്നായിരുന്നു ഷാജിയുടെ വാക്കുകള്‍.