National
ആന്തരിക പരിശോധന പൂർത്തിയായി; വിക്ഷേപണത്തിന് ഒരുങ്ങി ആദിത്യ എൽ വൺ
സെപ്റ്റംബർ രണ്ടിന് രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി എക്‌സ്‌എൽ റോക്കറ്റ് വഴി ആദിത്യ എൽ1 വിക്ഷേപിക്കും.
ബംഗളൂരു | ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 വിക്ഷേപിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഐഎസ്ആർഒ. വാഹനത്തിന്റെ ആന്തരിക പരിശോധന പൂർത്തിയായതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന അറിയിച്ചു. സെപ്റ്റംബർ രണ്ടിന് രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി എക്‌സ്‌എൽ റോക്കറ്റ് വഴി ആദിത്യ എൽ1 വിക്ഷേപിക്കും.
ഏകദേശം 4 മാസത്തിന് ശേഷമാകും ഇത് ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്രാഞ്ച് പോയിന്റ്-1, അതായത് L1 പോയിന്റിൽ എത്തിച്ചേരുക. സൂര്യനിലെ കൊടുങ്കാറ്റുകളെ മനസ്സിലാക്കാൻ ആദിത്യ പേടകം എൽ1 പോയിന്റിന് ചുറ്റും നീങ്ങും. ഇതിനുപുറമെ കാന്തികക്ഷേത്രം, സൗരവാതം തുടങ്ങിയ കാര്യങ്ങളും പഠിക്കും.
ബംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിലാണ് ആദിത്യ എൽ വൺ നിർമ്മിച്ചിരിക്കുന്നത്. വൈദ്യുതകാന്തികങ്ങളുടെയും കണിക, കാന്തിക മണ്ഡലം ഡിറ്റക്ടറുകളുടെയും സഹായത്തോടെ സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, പുറം പാളികൾ എന്നിവ പഠിക്കുന്ന ഏഴ് പേലോഡുകൾ പേടകത്തിലുണ്ടാകും. നാല് പേലോഡുകൾ എൽ-1 പോയിന്റിൽ നിന്ന് നേരിട്ട് സൂര്യനെ നിരീക്ഷിക്കുകയും മൂന്ന് പേലോഡുകൾ അവിടെയുള്ള കണങ്ങളെയും ഫീൽഡുകളെയും കുറിച്ച് പഠിക്കുകയും ചെയ്യും.
വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് അഥവാ VELC എന്ന പേലോഡ് സൗര കൊറോണയെയും കൊറോണൽ മാസ് ഇജക്ഷനുകളുടെ ചലനാത്മകതയെയും കുറിച്ച് പഠിക്കും. സോളാർ അൾട്രാ വയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് അഥവാ SUT എന്ന മറ്റൊരു പേലോഡ് അൾട്രാ വയലറ്റിന് സമീപമുള്ള സോളാർ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവ ചിത്രീകരിക്കുകയും സൗര വികിരണ വ്യതിയാനങ്ങൾ അളക്കുകയും ചെയ്യും.
ആദിത്യ എൽ വൺ – അറിയേണ്ടതെല്ലാം:
ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റ് അഥവാ ASPEX, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ അഥവാ PAPA പേലോഡുകൾ സൗരക്കാറ്റിനെയും ഊർജ്ജസ്വലമായ അയോണുകളെയും അവയുടെ ഊർജ്ജ വിതരണത്തെയും കുറിച്ച് പഠിക്കും.
ഈ ഏഴ് പേലോഡുകളും രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചതാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളുടെ അടുത്ത സഹകരണത്തോടെയാണ് ഇവ വികസിപ്പിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പേലോഡായ ‘സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ്’ തയ്യാറാക്കിയത് പൂനെ ആസ്ഥാനമായുള്ള ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സാണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയിലാണ് പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ പേലോഡ് പിറവികൊണ്ടത്.