cargo service
കണ്ണൂര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസ് ആരംഭിച്ചു
ലക്ഷ്യമിടുന്നത് 20,000 ടണ്‍ ചരക്ക് നീക്കമെന്ന് അധികൃതര്‍

കണ്ണൂര്‍ | ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസ് ആരംഭിച്ചു. ആദ്യ കാര്‍ഗോ സര്‍വീസ് ഷാര്‍ജയിലേക്കായിരുന്നു. ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാര്‍ഷിക മേഖലക്ക് പുത്തന്‍ ഉണര്‍വേകുന്ന അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസ് വഴി പ്രതിവര്‍ഷം 20,000 ടണ്‍ ചരക്ക് നീക്കമാണ് പ്രതീക്ഷിക്കുന്നത്.
രണ്ടര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കാര്‍ഗോ സര്‍വീസ് യാഥാര്‍ത്യമായതോടെ വിമാനത്താവളത്തിന്റെ മുഖച്ഛായ മാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ യാത്രാ വിമാനങ്ങളിലായിരിക്കും ചരക്കുനീക്കം. നാലുടണ്‍ വരെ ഒരു വിമാനത്തില്‍ കൊണ്ടുപോകാന്‍ കഴിയും. മുഴുവനായും ഓണ്‍ലൈനായാണ് സേവനങ്ങള്‍. കൂടുതല്‍ വിമാനക്കമ്പനികളെ ആകര്‍ഷിക്കാനായി ഒരു വര്‍ഷത്തേക്ക് ലാംഡിംഗ് പാര്‍ക്കിംഗ് ഫീസുണ്ടാകില്ല. വിദേശ വിമാനക്കമ്പനികളുടെ സര്‍വ്വീസ് കൂടി കേന്ദ്രം ഉടന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.