Kerala
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തലവൻ അറസ്റ്റിൽ
നൈജീരിയൻ സ്വദേശിയിൽ നിന്ന് മൊത്തമായി എം ഡി എം എ വാങ്ങുന്ന നാല് കോഴിക്കോട്ടുകാരും അറസ്റ്റിൽ

കോഴിക്കോട് | കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എം ഡി എം എ, എൽ എസ് ഡി ഉൾപ്പെടെയുള്ള മാരക സിന്തറ്റിക് ഡ്രഗുകൾ വിതരണം ചെയ്യുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയാ സംഘത്തിൻ്റെ തലവൻ പിടിയിൽ. നൈജീരിയക്കാരനായ ചാൾസ് ഒഫ്യൂഡിലിനെ(33)യാണ് നടക്കാവ് പോലീസ് ബെംഗളൂരുവിൽ നിന്ന് സാഹസികമായി പിടികൂടിയത്.
കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വെച്ച് ഖാലിദ് അബാദി എന്നയാളിൽ നിന്ന് 58 ഗ്രാം എം ഡി എം എ പിടിച്ചതുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് നേരത്തേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസന്വേഷണത്തെ തുടർന്നാണ് ചാൾസിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തേ ഘാന സ്വദേശിയെയും റെയിൽവേ ജീവനക്കാരൻ ഉൾപ്പെടെ മറ്റ് മൂന്ന് കോഴിക്കോട് സ്വദേശികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നടക്കാവ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നടത്തിയ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്ന് മാഫിയാ തലവനായ ചാൾസ് ഒഫ്യൂഡിലിനെ പിടികൂടിയത്.
കോഴിക്കോട് സ്വദേശികളായ നാല് പ്രതികളാണ് വിദേശ സംഘങ്ങളിൽ നിന്ന് എം ഡി എം എ ഉൾപ്പെടെ മൊത്തമായി വാങ്ങി കേരളത്തിലെ പല ജില്ലകളിലെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തുടർന്ന്, ഇന്ത്യൻ റെയിൽവേയിൽ ഒലവക്കോട് സ്‌റ്റേഷനിൽ ജോലി ചെയ്തുവരുന്ന റാശിദ് കെ എന്നയാളെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തു. അദ്‌നാൻ എന്നയാളെ എറണാകുളത്ത് നിന്ന് ഹൈദരാബാദിലേക്ക് ടൂറിസ്റ്റ് ബസിൽ രക്ഷപ്പെടുന്നതിനിടയിൽ തന്ത്രപരമായ നീക്കത്തിലൂടെ ബസ് തടഞ്ഞ് നിർത്തിയാണ് കസ്റ്റഡിയിൽ എടുത്തത്.
ഇവരെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഘാന സ്വദേശി വിക്ടർ ഡി സാംബെയെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി റിസ്‌വാനെയും പിന്നീട് അറസ്റ്റ് ചെയ്തു.
വിക്ടർ ഡി സാംബയുടെ കൂട്ടു പ്രതിയാണ് ഇപ്പോൾ അറസ്റ്റിലായ ചാൾസ് ഒഫ്യൂഡിൽ. ഇയാൾ മയക്കുമരുന്ന് കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ബലപ്രയോഗത്തിലൂടെയാണ് പോലീസ് ചാൾസിനെ കീഴ്‌പ്പെടുത്തിയത്. പ്രതിയുടെ കൈയിൽ നിന്ന് 55 ഗ്രാം എം ഡി എം എയും കച്ചവടത്തിനായി ഉപയോഗിച്ച സ്‌കൂട്ടറും അന്വേഷണസംഘം കണ്ടെടുത്തു.
നടക്കാവ് ഇൻസ്‌പെക്ടർ ജിജീഷ് പി കെ, സബ് ഇൻസ്‌പെക്ടർ കൈലാസ്‌നാഥ് എസ് ബി, കിരൺ ശശിധർ, അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ശശികുമാർ പി കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം വി ശ്രീകാന്ത്, സജീവൻ എം കെ, ഹരീഷ് കുമാർ സി, ജിത്തു വി കെ, സിവിൽ പോലീസ് ഓഫീസർമാരായ ലെനീഷ് പി കെ, ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.