Connect with us

Kerala

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് തുടക്കം; നോളജ് സിറ്റിയിലേക്കൊഴുകി പ്രവാചകസ്‌നേഹികള്‍

വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള മാദിഹുകളുടെ നേതൃത്വത്തില്‍ നടന്ന നബികീര്‍ത്തനങ്ങളോടെയാണ് സമ്മേളനം അരംഭിച്ചത്.

Published

|

Last Updated

നോളജ് സിറ്റി | അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് മർകസ് നോളജ് സിറ്റിയിൽ ഉജ്ജ്വല തുടക്കം. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള മാദിഹുകളുടെ നേതൃത്വത്തില്‍ നടന്ന നബികീര്‍ത്തനങ്ങളോടെയാണ് സമ്മേളനം അരംഭിച്ചത്. സമ്മേളനത്തിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് പ്രവാചക സ്നേഹികൾ മർകസ് നോളജ് സിറ്റിയിലേക്ക് ഒഴുകുകയാണ്.

നബികീർത്തനങ്ങൾക്ക് ശേഷം വിവിധ ശൈലികളിലുള്ള ഖുര്‍ആന്‍ പാരായണങ്ങളും നടന്നു. പ്രവാചക ജീവിതവുമായി വലിയ ബന്ധമുള്ള ഖുര്‍ആനിക സൂക്തങ്ങളുടെ പാരായണത്തിന് അന്താരാഷ്ട്ര വേദികളില്‍ മികവ് തെളിയിച്ച ഖാരിഉകള്‍ നേതൃത്വം നല്‍കി. മഗ് രിബ് നിസ്‌കാരനന്തരം ആരംഭിച്ച സമ്മേളനത്തിന്റെ മുഖ്യആകര്‍ഷണം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാരുടെ വാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണമാണ്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ലബനാന്‍ മുഫ്തി ശൈഖ് ഉസാമ അബ്ദുല്‍ റസാഖ് അല്‍ രിഫാഈ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ഡോ. ഉസാമ അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍, ടുണീഷ്യന്‍ പണ്ഡിതരായ ശൈഖ് മുഹമ്മദ് അല്‍മദനി, ശൈഖ് അനീസ് മര്‍സൂഖ്, സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി സംസാരിക്കും.

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീമിന്റെ പ്രത്യേക പ്രതിനിധി സംഘം, ഗള്‍ഫ് രാജ്യങ്ങളിലെ പൗരപ്രമുഖര്‍ തുടങ്ങി ആഗോള പ്രശസ്തരായ പണ്ഡിതരും സാദാത്തുക്കളും സമ്മേളനത്തില്‍ മുഖ്യാതിഥികളാവും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, പി ഹസന്‍ മുസ്ലിയാര്‍ വയനാട്, കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുറഹ്‌മാന്‍ ഹാജി കുറ്റൂര്‍, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം സംബന്ധിക്കും.

---- facebook comment plugin here -----

Latest