Connect with us

Kozhikode

അന്താരാഷ്ട്ര മീലാദ് സമ്മേളനം: ദഫ് ഘോഷയാത്ര വൈകിട്ട് മൂന്നിന് ആരംഭിക്കും

ഘോഷയാത്ര കെ പി ചന്ദ്രന്‍ റോഡില്‍ നിന്ന് ആരംഭിച്ച് മിനി ബൈപ്പാസ്-എരഞ്ഞിപ്പാലം ജങ്ഷന്‍ വഴി സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ സമാപിക്കും.

Published

|

Last Updated

കോഴിക്കോട് | അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് നിറം പകരാന്‍ നഗരത്തില്‍ നടക്കുന്ന ദഫ് ഘോഷയാത്ര ഇന്ന് വെകിട്ട് മൂന്നിന് ആരംഭിക്കും. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഘോഷയാത്ര കെ പി ചന്ദ്രന്‍ റോഡില്‍ നിന്ന് ആരംഭിച്ച് മിനി ബൈപ്പാസ്-എരഞ്ഞിപ്പാലം ജങ്ഷന്‍ വഴി സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ സമാപിക്കും. വിവിധ മേഖലകളിലെ മദ്റസകളില്‍ നിന്നായി തിരഞ്ഞെടുത്ത 100 ലധികം സംഘങ്ങള്‍ ഘോഷയാത്രയില്‍ ചുവടുവെക്കും.

പരമ്പരാഗത ബൈത്തുകളുടെയും മദ്ഹ് ഗാനങ്ങളുടെയും അകമ്പടിയോടെ താളപ്പെരുക്കങ്ങള്‍ തീര്‍ത്ത് ഉയര്‍ന്നും താഴ്ന്നും ചെരിഞ്ഞും ചുവടുകള്‍ വെച്ച് ദഫ്മുട്ടി നീങ്ങുന്ന സംഘങ്ങള്‍ നഗരത്തില്‍ സമ്മേളനത്തിന്റെ ഓളം സൃഷ്ടിക്കും. വ്യത്യസ്ത വസ്ത്രാലങ്കാരങ്ങളും കൊടിതോരണങ്ങളും വൈവിധ്യമാര്‍ന്ന പ്രകടനങ്ങളും ഘോഷയാത്രക്ക് മിഴിവേകും.

സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദല്‍ അവേലം, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം, സയ്യിദ് സ്വാലിഹ് ശിഹാബ് കുറ്റിച്ചിറ, സയ്യിദ് മുഹമ്മദ് ബാഫഖി ഉള്‍പ്പെടെയുള്ള സാദാത്തുക്കളും കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ കോഴിക്കോട്-മലപ്പുറം ജില്ലാ സാരഥികളും ജാമിഅ മര്‍കസ് മുദരിസുമാരും ഘോഷയാത്രക്ക് നേതൃത്വം നല്‍കും. നഗരിയിലെത്തുന്ന റാലിയെ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.

 

---- facebook comment plugin here -----

Latest