Connect with us

Kerala

അന്താരാഷ്ട്ര മീലാദ് കോൺഫറൻസ്: സ്നേഹജനങ്ങൾ നോളേജ് സിറ്റിയിലേക്ക് ഒഴുകിത്തുടങ്ങി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമിന്റെ പ്രത്യേക പ്രതിനിധി സംഘം, ഗൾഫ് രാജ്യങ്ങളിലെ പൗരപ്രമുഖർ തുടങ്ങി ആഗോള പ്രശസ്തരായ പണ്ഡിതരും സാദാത്തുക്കളും സമ്മേളനത്തിൽ മുഖ്യാതിഥികളാവും

Published

|

Last Updated

കോഴിക്കോട് |മർകസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്റർനാഷണൽ മീലാദ് കോൺഫറൻസ് ഇന്ന് വൈകുന്നേരം നാലിന് നോളേജ് സിറ്റിയിൽ തുടക്കമാവും. വിവിധ രാജ്യങ്ങളിലെ ഗ്രാൻഡ് മുഫ്തിമാരും പണ്ഡിതരും സമസ്ത നേതാക്കളും സംബന്ധിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി അതിഥികളും പ്രതിനിധികളും കഴിഞ്ഞ ദിവസങ്ങളിൽ എത്തിച്ചേർന്നിരുന്നു.

വ്യത്യസ്ത ഭാഷയിലുള്ള പ്രവാചക പ്രകീർത്തന പ്രസംഗങ്ങളും കാവ്യങ്ങളും കേൾക്കുന്നതിനും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം ശ്രവിക്കുന്നതിനുമായി പതിനായിരങ്ങൾ ഇന്ന് നോളേജ്‌സിറ്റിയിൽ സംഗമിക്കും. സമുദ്രതീര രാജ്യങ്ങളിലെ യമൻ പാരമ്പര്യ സാദാത്തുക്കൾ നേതൃത്വം നൽകുന്ന ആത്മീയ സദസ്സുകളുടെ സവിശേഷ മാതൃകയിലാണ് ഇത്തവണത്തെ സമ്മേളനം.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ലബനാൻ മുഫ്തി ശൈഖ് ഉസാമ അബ്ദുൽ റസാഖ് അൽ രിഫാഈ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ഡോ. ഉസാമ അൽ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. മന്ത്രി അഹ്‌മദ് ദേവർകോവിൽ, ടുണീഷ്യൻ പണ്ഡിതരായ ശൈഖ് മുഹമ്മദ് അൽമദനി, ശൈഖ് അനീസ് മർസൂഖ്, സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി സംസാരിക്കും.

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമിന്റെ പ്രത്യേക പ്രതിനിധി സംഘം, ഗൾഫ് രാജ്യങ്ങളിലെ പൗരപ്രമുഖർ തുടങ്ങി ആഗോള പ്രശസ്തരായ പണ്ഡിതരും സാദാത്തുക്കളും സമ്മേളനത്തിൽ മുഖ്യാതിഥികളാവും. സമ്മേളനത്തിന്റെ ഭാഗമായി ലോക പ്രശസ്തമായതും പാരമ്പരാഗതവുമായ മൗലിദുകളും കാവ്യങ്ങളും അവതരിപ്പിക്കും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, പി ഹസൻ മുസ്‌ലിയാർ വയനാട്, കെകെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുറഹ്മാൻ ഹാജി കുറ്റൂർ, എ പി അബ്ദുൽ കരീം ഹാജി ചാലിയം സംബന്ധിക്കും.

2004 മുതലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പണ്ഡിതരെയും സാദാത്തുക്കളെയും പ്രകീർത്തന സംഘങ്ങളെയും ഒരുമിപ്പിച്ച് മർകസിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ മീലാദ് കോൺഫറൻസുകൾ ആരംഭിച്ചത്. ഡോ. ഉമർ അബ്ദുല്ല കാമിൽ, അബ്ദുൽ ഫത്താഹ് മൊറോ ടുണീഷ്യ, ഔൻ മുഈൻ അൽ ഖദ്ദൂമി, ശൈഖ് അബ്ദുല്ല ഫറജ് തുടങ്ങി ആഗോളപ്രസ്തരായ പണ്ഡിതരും ഈജിപ്ത്, ഒമാൻ, മലേഷ്യ രാജ്യങ്ങളിൽ നിന്നുള്ള ട്രൂപ്പുകളും കഴിഞ്ഞ വർഷങ്ങളിലെ മീലാദ് സമ്മേളനത്തിലെ പ്രധാന ആകർഷണീയതയായിരുന്നു. ആദ്യമായാണ് മർകസ് നോളേജ് സിറ്റി മീലാദ് കോൺഫറൻസിന്റെ വേദിയാവുന്നത്. സമ്മേളനത്തിൽ സംബന്ധിക്കാനായെത്തുന്ന അതിഥികൾക്കായി നോളേജ് സിറ്റിയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

സിറാജ് ലൈവ്,  മർകസ്, മീഡിയ മിഷൻ ഔദ്യോ​ഗിക യൂട്യൂബ് ചാനലുകളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടാകും.