Connect with us

Kozhikode

ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ ഒന്നിന് നോളജ് സിറ്റിയില്‍

മുഹമ്മദ് നബി(സ്വ)യെ കുറിച്ച് കൂടുതല്‍ അറിയാനും വിവിധ ഭൂഖണ്ഡങ്ങളിലെ പ്രവാചക പ്രകീര്‍ത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം.

Published

|

Last Updated

കോഴിക്കോട്  | ‘മദീന ചാര്‍ട്ടര്‍: ബഹുസ്വരതയുടെ മഹനീയ മാതൃക’ എന്ന പ്രമേയത്തില്‍ മര്‍കസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ ഒന്ന്, ഞായറാഴ്ച മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും. വിവിധ രാജ്യങ്ങളിലെ ഗ്രാന്‍ഡ് മുഫ്തിമാരും പണ്ഡിതന്മാരും യൂണിവേഴ്സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.

മുഹമ്മദ് നബി(സ്വ)യെ കുറിച്ച് കൂടുതല്‍ അറിയാനും വിവിധ ഭൂഖണ്ഡങ്ങളിലെ പ്രവാചക പ്രകീര്‍ത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ വാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമാകും. ലോകം കൂടുതല്‍ ഏകശിലാത്മകതയിലേക്കും സങ്കുചിത മനോഭാവങ്ങളിലേക്കും നീങ്ങുന്ന പശ്ചാത്തലത്തില്‍, മുഹമ്മദ് നബി മുന്നോട്ടുവെച്ച ബഹുസ്വര ദര്‍ശനങ്ങളും മാധ്യമ നിലപാടുകളും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ദൗത്യം.

ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവും പ്രമുഖ ഈജിപ്ഷ്യന്‍ പണ്ഡിതനുമായ ഡോ. ഉസാമ അല്‍ അസ്ഹരി, അമേരിക്കയിലെ പ്രമുഖ മുസ്ലിം പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ ശൈഖ് യഹ്യ റോഡസ്, ലബനാനിലെ പ്രമുഖ പണ്ഡിതനും മുഫ്തിയുമായ ശൈഖ് ഉസാമ അബ്ദുല്‍ റസാഖ് അല്‍ രിഫാഈ, ടുണീഷ്യന്‍ പണ്ഡിതരായ ശൈഖ് മുഹമ്മദ് അല്‍മദനി, ശൈഖ് അനീസ് മര്‍സൂഖ്, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീമിന്റെ പ്രത്യേക പ്രതിനിധി സംഘം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ തുടങ്ങി ആഗോള പ്രശസ്തരായ പണ്ഡിതരും സാദാത്തുക്കളും സമ്മേളനത്തില്‍ മുഖ്യാതിഥികളാവും.

ഒന്നിന് വൈകിട്ട് നാല് മുതല്‍ ഒമ്പത് വരെയാണ് സമ്മേളനം. അസര്‍ നിസ്‌കാരാനന്തരം വിവിധ പ്രകീര്‍ത്തന സംഘങ്ങളുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര മൗലിദ് സംഗമം നടക്കും. വിവിധ പാരായണ രീതി അനുസരിച്ചുള്ള ഖുര്‍ആന്‍ പാരായണവും ലോക പ്രശസ്തമായതും പരമ്പരാഗതവുമായ മൗലിദുകളും ചടങ്ങില്‍ അവതരിപ്പിക്കും. വിവിധ ഭാഷകളിലെ കാവ്യങ്ങളും അരങ്ങേറും. മഗ്രിബിന് ശേഷം ലോക പ്രശസ്ത പണ്ഡിതരും ഉലമാക്കളും സദസ്സിനെ അഭിമുഖീകരിക്കും. മീലാദ് സമ്മേളനത്തോടനുബന്ധിച്ച് നോളജ് സിറ്റിയില്‍ വളരെ വിപുലമായ ഒരുക്കങ്ങളും ക്രമീകരണങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്.

അതിഥികള്‍ എത്തിത്തുടങ്ങി
ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നതിനായി വിദേശ രാജ്യങ്ങളില്‍ നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും അതിഥികളും സ്‌നേഹജനങ്ങളും എത്തിത്തുടങ്ങി. സമ്മേളനത്തിന്റെ മുഖ്യാതിഥികളായ ടുണീഷ്യയില്‍ നിന്നുള്ള ശൈഖ് മുഹമ്മദ് അല്‍മദനി, ശൈഖ് അനീസ് മര്‍സൂഖ് എന്നിവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനും നോളജ് സിറ്റിയും ജാമിഉല്‍ ഫുതൂഹും സന്ദര്‍ശിക്കുന്നതിനും ഇന്ത്യയിലെ സുന്നി ചലനങ്ങള്‍ അടുത്തറിയുന്നതിനുമായി ഇന്നലെയാണ് കേരളത്തിലെത്തിയത്. അതിഥികളും അനുവാചകരുമായി ഒട്ടേറെപേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി വരും ദിവസങ്ങളില്‍ മര്‍കസ് നോളജ് സിറ്റി ലക്ഷ്യമാക്കി എത്തിച്ചേരും.