Connect with us

Kerala

നിരപരാധികൾക്ക് നേരെ ഇസ്റാഈൽ നടത്തുന്ന അതിക്രമങ്ങൾ നീതീകരിക്കാനാകില്ല: കാന്തപുരം

പ്രവാചക പ്രകീര്‍ത്തനത്തിന്റെ വൈവിധ്യ അനുഭവങ്ങള്‍ സമ്മാനിച്ച് അന്താരാഷ്ട്ര മീലാദ് സമ്മേളനം.

Published

|

Last Updated

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ ഫുജൈറയിലെ അറബ് ഗായക സംഘത്തിന്റെ മൗലിദ് ശ്രവിക്കുന്ന സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ഹമദ് ബിന്‍ സാമി ഫള്ല്‍ അല്‍-ദോസരി, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ഡോ. യൂസുഫ് അബ്ദുല്‍ ഗഫൂര്‍ അല്‍ അബ്ബാസി, ഗറമുല്ല അഹ്മദ് അല്‍ ഫുഖഹാഅ എന്നിവര്‍.

കോഴിക്കോട് | പ്രവാചക പ്രകീര്‍ത്തനത്തിന്റെ വൈവിധ്യ അനുഭവങ്ങള്‍ സമ്മാനിച്ച് അന്താരാഷ്ട്ര മീലാദ് സമ്മേളനം. ‘തിരുനബി(സ്വ) ജീവിതം, ദര്‍ശനം’ എന്ന പ്രമേയത്തില്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്തും മര്‍കസും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങളിലെ ഗായക സംഘങ്ങളും മൗലിദ് ട്രൂപ്പുകളും അവിസ്മരണീയ പ്രകടനം നടത്തിയത്. സമ്മേളനം ബഹ്റൈന്‍ സുപ്രീം കോടതി മുന്‍ അധ്യക്ഷന്‍ ഹമദ് ബിന്‍ സാമി ഫള്ല്‍ അല്‍-ദോസരി ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുല്ല മഅതൂഖ് മുഖ്യാതിഥിയായി.

മനുഷ്യാവകാശങ്ങളെ പാടേ നിഷേധിച്ച് സിവിലിയന്മാരെ കൊന്നൊടുക്കുന്ന ഇസ്റാഈല്‍ നടപടിക്കെതിരെ സമ്മേളനം പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിതരും സാമൂഹിക-സാംസ്‌കാരിക നായകരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രശസ്ത അറബ് ഗായക സംഘമായ അല്‍ മാലിദ് ഗ്രൂപ്പിന്റെ ഗ്രാന്‍ഡ് മൗലിദ് സമ്മേളനത്തെ അപൂര്‍വ അനുഭവമാക്കി. വൈകിട്ട് നാലിന് നൂറോളം വരുന്ന ദഫ് സംഘങ്ങള്‍ അണിനിരന്ന ഘോഷയാത്രയോടെയാണ് സമ്മേളന ചടങ്ങുകള്‍ക്ക് തുടക്കമായത്. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നിര്‍വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി.

ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഡോ. യൂസഫ് അബ്ദുല്‍ ഗഫൂര്‍ അല്‍ അബ്ബാസി, നബീല്‍ ഹമദ് ഈസ മുഹമ്മദ് അല്‍-ഔന്‍, ശൈഖ് അദ്‌നാന്‍ അബ്ദുല്ല ഹുസൈന്‍ അല്‍ ഖത്താന്‍, അലി മസ്ഊദ് അല്‍ കഅബി സംബന്ധിച്ചു.

സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, അബൂ ഹനീഫല്‍ ഫൈസി തെന്നല, കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, അബ്ദുറഹ്മാന്‍ ഹാജി കുറ്റൂര്‍, സി പി ഉബൈദുല്ല സഖാഫി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, അബ്ദുറഹ്മാന്‍ ദാരിമി കൂറ്റമ്പാറ, ടി കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, മജീദ് കക്കാട്, ജി അബൂബക്കര്‍ സംബന്ധിച്ചു.

നിരപരാധികള്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ നീതീകരിക്കാനാവില്ല: കാന്തപുരം
കോഴിക്കോട് | ഫലസ്തീന് പുറമെ ലബനാന്‍ അതിര്‍ത്തി കടന്ന് നിരപരാധികളായ സിവിലിയന്മാര്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ നീതീകരിക്കാനാവാത്തതാണെന്നും സമാധാനത്തിനായി ലോക നേതാക്കള്‍ ഒന്നിക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ വാര്‍ഷിക മദ്ഹുറസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതാന്തര സംവാദങ്ങളും നേതാക്കളുടെ ഒത്തിരിപ്പും സമാധാന ശ്രമങ്ങള്‍ക്ക് ശക്തിപകരുമെന്നും ഇസ്‌റാഈലിനെ അനുകൂലിക്കുന്ന സമീപനത്തില്‍ നിന്ന് രാജ്യങ്ങള്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയും സ്ത്രീ സുരക്ഷയും ഉറപ്പുനല്‍കുന്നതാണ് മുഹമ്മദ് നബിയുടെ ദര്‍ശനങ്ങള്‍ എന്നും ധാര്‍മിക ജീവിതത്തിലൂടെ മാത്രമേ സമാധാനാന്തരീക്ഷം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

Latest