Connect with us

Kerala

രാജ്യാന്തര അവയവക്കടത്ത് കേസ്; എടത്തല സ്വദേശി പിടിയില്‍

ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി

Published

|

Last Updated

കൊച്ചി |  രാജ്യാന്തര അവയവക്കടത്ത് കേസില്‍ ഒരാളെക്കൂടി അന്വേഷണ സംഘം പിടികൂടി. എടത്തല സ്വദേശി സജിത്ത് ശ്യാമാണ് അറസ്റ്റിലായത്. മുഖ്യപ്രതിയെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി. നേരത്തെ കേസിലെ മുഖ്യപ്രതി സാബിത്ത് നാസര്‍ അറസ്റ്റിലായിരുന്നു. അവയവകടത്തുമായി ബന്ധപ്പെട്ട് സാബിത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തതും സജിത്തായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

അതേ സമയം സാബിത്തിനെ ആലുവ റൂറല്‍ എസ് പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്തു. സാബിത്തിന്റെ ഫോണ്‍ വിളിയുടെ വിവരങ്ങള്‍ ഇതിനകം തന്നെ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തി കേസില്‍ ഇരകളായവരേയും അവയവം സ്വീകരിച്ചവരേയും തിരിച്ചറിയാനാണ് പോലീസ് ശ്രമിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി 13 ദിവസത്തേക്കാണ് സാബിത്ത് നാസറിനെ കോടതി പോലീസിന് വിട്ടു കൊടുത്തിട്ടുള്ളത്.

ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങള്‍ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നും ഇയാള്‍ ഇറാനിലേക്ക് അവയവ കച്ചവടത്തിനായി ആളുകളെ എത്തിച്ചു. ഇക്കാര്യത്തിനായി ഇയാള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ തെളിവുകളും മൊബൈല്‍ ഫോണില്‍ ലഭിച്ചിട്ടുണ്ട്.

Latest