Kerala
രാജ്യാന്തര അവയവക്കടത്ത്; യുവാവ് പിടിയിൽ
പിടിയിലായത് അവയവം നൽകിയയാൾ • മുഖ്യസാക്ഷിയാക്കും
കൊച്ചി / നെടുമ്പാശ്ശേരി | രാജ്യാന്തര അവയവക്കടത്ത് സംഘത്തിന്റെ കെണിയിൽ പെട്ട പാലക്കാട് സ്വദേശി പോലീസ് പിടിയിൽ. മലയാളിയായ സാബിത്തിന്റെ നേതൃത്വത്തിലുള്ള അവയവക്കടത്ത് സംഘത്തിലകപ്പെട്ട് വൃക്ക നൽകിയ ശമീർ ആണ് കോയന്പത്തൂരിൽ പിടിയിലായത്. കേസിൽ പോലീസ് അന്വേഷണം നടന്ന സമയം മുതൽ ശമീറിനെ കാണാതായിരുന്നു. വീട്ടുകാർക്കും ഇയാളെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ശമീർ തെഹ്റാനിൽ പോയി അവയവ വിൽപ്പന നടത്തിയ ശേഷം തിരികെ എത്തിയിരുന്നു. തുടർന്ന് ഇയാളുടെ ആരോഗ്യ സ്ഥിതി മോശമായി. പിന്നീടാണ് കാണാതായത്. കസ്റ്റഡിയിലെടുത്ത ശമീറിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അവയവക്കടത്ത് കേസിൽ മുഖ്യപ്രതിയായ വിജയവാഡ സ്വദേശി ബല്ലംകോണ്ട രാം പ്രസാദിനെ ഈ മാസം ആദ്യം ഹൈദരാബാദിൽ പിടികൂടിയിരുന്നു. കൊച്ചിയിൽ പിടിയിലായ മലയാളി സാബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയെ പിടികൂടിയത്.
ബല്ലംകോണ്ട രാം പ്രസാദിനെ ആലുവയിലേക്ക് എത്തിച്ച് അന്വേഷണം തുടരുകയാണ്. ഹൈദരാബാദും ബെംഗളൂരുവും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശമീർ കസ്റ്റഡിയിലായത്. കേസിൽ നാല് പ്രതികളുണ്ടെന്നാണ് പോലീസിന്റെ നിഗമനം. നാലാം പ്രതിയെന്ന് കരുതുന്ന കൊച്ചി സ്വദേശി മധു നിലവിൽ ഇറാനിലാണ്. മധുവിനെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ശമീറിനെ മുഖ്യ സാക്ഷിയാക്കാനാണ് പോലീസ് നീക്കം.
അവയവദാതാക്കളിൽ ആരും ഇതുവരെ പരാതിക്കാരായി ഇല്ലാത്ത സാഹചര്യത്തിൽ ഒരു ദാതാവിനെ സാക്ഷിയാക്കുന്നത് കോടതിയിൽ കേസിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ബല്ലംകോണ്ട രാം പ്രസാദ് രണ്ട് മാസത്തിനിടെ കോയമ്പത്തൂരിലെത്തി തന്നെ കണ്ടിരുന്നതായി ശമീർ വെളിപ്പെടുത്തിയിട്ടുണ്ട്. അവയവദാതാക്കളെ കണ്ടെത്തി ഇറാനിലെത്തിച്ചിരുന്നത് രാംപ്രസാദിന്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് സംഘമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസമാണ് ഇറാനിൽ വെച്ച് ശമീർ വൃക്ക നൽകിയത്. സംഘത്തിലെ മലയാളികളെ അവയവ കച്ചവടത്തിന്റെ ഭാഗമാക്കിയത് ബല്ലം കൊണ്ട രാംപ്രസാദാണ്. പ്രധാനമായും അവയവ വിൽപ്പന നടത്തിയവരും സ്വീകരിച്ചവരും ഹൈദാരാബാദിൽ നിന്നുള്ളവരാണ്.