Connect with us

Achievements

മഅദിന്‍ വിദ്യാര്‍ഥിക്ക് അന്താരാഷ്ട്ര അംഗീകാരം

മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു

Published

|

Last Updated

മലപ്പുറം | റഷ്യന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഓപണ്‍ ഡോര്‍സ് ഒളിമ്പ്യാഡ് ജേതാവായി മഅദിന്‍ അക്കാദമി ദഅവ വിദ്യാര്‍ഥി മുഹമ്മദ് സിനാന്‍.  196 രാജ്യങ്ങളില്‍ നിന്നുള്ള 56,652 വിദ്യാര്‍ഥികളില്‍ നിന്നാണ് സിനാന്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ഉയര്‍ന്ന അക്കാദമിക് നിലവാരമുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പദ്ധതിയില്‍ 14 വിഷയങ്ങളില്‍ ബിരുദാനന്തര- ബിരുദ വിഭാഗത്തില്‍ രണ്ടും ഗവേഷണപഠന വിഭാഗത്തില്‍ മൂന്നും ഘട്ടങ്ങളായിട്ടാണ് യോഗ്യതാ പരീക്ഷ നടന്നത്. ലിംഗ്വസ്റ്റിക് ആൻഡ് ലിറ്ററേച്ചര്‍ വിഭാഗത്തില്‍ വിജയിച്ച മുഹമ്മദ് സിനാന് റഷ്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ സൗജന്യ പഠന സൗകര്യവും സ്‌റ്റൈപന്‍ഡും ലഭിക്കും.

മഅ്ദിന്‍ ദഅവാ കോളജിലെ ഇസ്്‌ലാമിക പഠനത്തിന് പുറമെ സിനാന്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്  ബി എസ് സി സൈക്കോളജിയിലും  കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിലും ബിരുദം  കരസ്ഥമാക്കിയിട്ടുണ്ട്. സ്പാനിഷ്, ഫ്രഞ്ച്, ടര്‍ക്കിഷ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന മുഹമ്മദ് സിനാന്‍ സ്‌കൂള്‍ കലോത്സവ്, എസ് എസ് എഫ് സാഹിത്യോത്സവ് എന്നിവയില്‍ സംസ്ഥാന തലത്തില്‍  സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. തൃപ്പനച്ചി സ്വദേശി കുറുങ്ങാടന്‍ മുഹമ്മദ്- ഹസീന ദമ്പതികളുടെ മകനാണ്.

മികച്ച അക്കാദമിക് നേട്ടം കരസ്ഥമാക്കിയ സിനാനെ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.