Connect with us

Kerala

അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി പാരായണ സമാപന സംഗമം നാളെ; ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് മലേഷ്യയിൽ ഉജ്ജ്വല വരവേൽപ്പ്

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Published

|

Last Updated

ക്വലാലംപൂർ | നാല് ദിവസത്തെ ഔദ്യോഗിക മലേഷ്യൻ പര്യടനത്തിനെത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ക്വലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ്പ്. മലേഷ്യൻ പ്രധാനമന്ത്രി ഓഫീസിലെ മതകാര്യ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുഹമ്മദ് അജീബ് ബിൻ ഇസ്മാഈലിന്റെയും ഡോ. ബശീർ മുഹമ്മദ് അസ്ഹരിയുടെയും നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം ഗ്രാൻഡ് മുഫ്തിയെ സ്വീകരിച്ചു.
മതകാര്യ വകുപ്പിനു കീഴിൽ ഈ മാസം പത്ത് മുതൽ പുത്രജയയിലെ മസ്ജിദ് പുത്രയിൽ ലോകപ്രശസ്ത പണ്ഡിതരുടെ സാന്നിധ്യത്തിൽ നടന്നുവരുന്ന അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി പാരായണ സദസ്സിന്റെ നാളത്തെ സമാപന സംഗമത്തിന് നേതൃത്വം നൽകാനാണ് സർക്കാറിന്റെ ഔദ്യോഗിക അതിഥിയായി ഗ്രാൻഡ് മുഫ്തി മലേഷ്യയിലെത്തിയത്. പ്രധാനമന്ത്രി അൻവർ ഇബ്റാഹിം ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ മലേഷ്യൻ സർക്കാറിലെ ഉന്നതരും സ്വദേശികളും വിദേശികളുമായ പണ്ഡിതരും മത വിദ്യാർഥികളും സംബന്ധിക്കും.
സ്വഹീഹുൽ ബുഖാരി പൂർണമായും പാരായണം ചെയ്യുന്ന 12 ദിവസം നീളുന്ന സദസ്സിൽ തിരഞ്ഞെടുക്കപ്പെട്ട 750 പേരാണ് ശ്രോതാക്കൾ. മതകാര്യ മന്ത്രി ഡോ. മുഹമ്മദ് നഈം ബിൻ മുഖ്താറിന്റെ മേൽനോട്ടത്തിലാണ് ദർസ്.

സമാപന ചടങ്ങിൽ സ്വഹീഹുൽ ബുഖാരി ദർസിനു പുറമെ ഗ്രാൻഡ് മുഫ്തിയുടെ പ്രഭാഷണവും ഇജാസത്ത് കൈമാറ്റവും നടക്കും.

സ്വഹീഹുൽ ബുഖാരി അധ്യാപന കാലത്തെ തന്റെ പഠനങ്ങളും ചർച്ചകളും ആസ്പദമാക്കി വിവിധ വ്യാഖ്യാന ഗ്രന്ഥങ്ങളെയും പണ്ഡിതരെയും അവലംബിച്ച് 20 വാള്യങ്ങളിൽ തയ്യാറാക്കിയ കാന്തപുരം ഉസ്താദിന്റെ “തദ്കീറുൽ ഖാരി’ വ്യാഖ്യാന കൃതിയുടെ ആദ്യഘട്ട പ്രകാശനവും പദ്ധതി പ്രഖ്യാപനവും വേദിയിൽ നടക്കും. ഈ മാസം 23 വരെ നീളുന്ന പര്യടനത്തിനിടെ വിവിധ സാംസ്‌കാരിക- വൈജ്ഞാനിക പരിപാടികളിലും ഗ്രാൻഡ് മുഫ്തി സംബന്ധിക്കും. പ്രധാനമന്ത്രി അൻവർ ഇബ്റാഹിമുമായി കൂടിക്കാഴ്ചയും നടത്തും.

Latest