Connect with us

flight service

രാജ്യാന്തര സർവീസ് 15 മുതൽ; ലോകം തുറക്കുന്നു

എയർ ബബിൾ കരാറുള്ള ഹൈ റിസ്ക് രാജ്യങ്ങളിലേക്ക് 75% സർവീസ്

Published

|

Last Updated

ന്യൂഡൽഹി | കൊവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ച അന്താരാഷ്ട്ര യാത്രാ വിമാന സർവീസ് പുനഃസ്ഥാപിക്കുന്നു. ഡിസംബർ 15 മുതൽ സർവീസ് ആരംഭിക്കും. ആഭ്യന്തര, വിദേശകാര്യ, ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയങ്ങളുമായി ആലോചിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

ഡിസംബറോടെ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യോമയാന സെക്രട്ടറി രാജീവ് ബൻസാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊവിഡ് അപകട സാധ്യതയിൽ ഉൾപ്പെടുത്തിയ എയർ ബബിൾ കരാർ നിലനിൽക്കുന്ന പതിനാല് രാജ്യങ്ങളിലേക്ക് 75 ശതമാനം സർവീസ് മാത്രമായിരിക്കും. ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ, സിംഗപ്പൂർ, ന്യൂസിലാൻഡ്, ബംഗ്ലാദേശ്, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടും. കൊവിഡ് വകഭേദമായ ബി.1.1.529 സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, ഇസ്‌റാഈൽ എന്നീ രാജ്യങ്ങളും ഈ പട്ടികയിൽ ഉൾപ്പെടും.

എയർ ബബിൾ കരാർ നിലവിലില്ലാത്ത കൊവിഡ് അപകട സാധ്യതയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിലേക്ക് അമ്പത് ശതമാനം മാത്രമായിരിക്കും സർവീസെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങളിലേക്ക് സാധാരണ നിലയിലുള്ള സർവീസുണ്ടായിരിക്കും. കഴിഞ്ഞ വർഷം മാർച്ച് 23 മുതലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്. തീരുമാനം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) ഈ മാസം മുപ്പത് വരെ പിന്നീട് നീട്ടുകയും ചെയ്തു. എയർ ബബിൾ സംവിധാനത്തിൽ ചില നിബന്ധനകളോടെ 31 രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമേ ചരക്ക് വിമാനങ്ങൾ, വന്ദേ ഭാരത് സർവീസ്, പ്രത്യേകാനുമതിയുള്ള ചാർട്ടേഡ് വിമാനങ്ങൾ എന്നിവയും സർവീസ് നടത്തുന്നുണ്ട്.

വാക്‌സീനേഷൻ പൂർത്തിയാക്കിയ വിദേശ വിനോദസഞ്ചാരികൾക്കായി അതിർത്തി തുറക്കുമെന്ന് ഒക്‌ടോബറിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ്- പുതുവത്സര അവധി സമയമായതിനാൽ ടിക്കറ്റ് നിരക്കുകൾ വർധിച്ചേക്കുമെന്നാണ് സൂചന. കൊവിഡ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ ജർമനി, ഇറ്റലി, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിലേക്കുള്ള സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യ സർവീസ് പുനരാരംഭിക്കുന്നത്.

Latest