National
മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കും: മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്
അനിഷ്ട സംഭവങ്ങള്‍ തടയാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ബിരേന്‍ സിംഗ്.
ഇംഫാല്‍| നാല് മാസത്തില്‍ അധികമായി ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. അനിഷ്ട സംഭവങ്ങള്‍ തടയാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നു മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി പുനഃസ്ഥാപിക്കുമെന്ന് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പട്ടികവര്‍ഗ പദവിക്കായുള്ള മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച്, മെയ് 3 ന് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തില്‍ 16ംല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മണിപ്പൂര്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചത്.
അതേസമയം മണിപ്പൂരില്‍ ഇന്നലെ വീണ്ടും സംഘര്‍ഷമുണ്ടായി. ഇംഫാലിലെ പ്രത്യേക കോടതി ജാമ്യത്തില്‍ വിട്ടയച്ച അഞ്ച് പ്രതിരോധ വോളന്റിയര്‍മാരില്‍ ഒരാളെ കേന്ദ്ര സുരക്ഷാ ഏജന്‍സി വീണ്ടും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.