Editors Pick
INTERVIEW | പ്രതിഭകളെ കലാകായിക മേഖലയിൽ പിടിച്ചുനിർത്താൻ പദ്ധതികൾ ആവിഷ്കരിക്കും: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
അടുത്ത കലോത്സവത്തിന് മുമ്പായി കലോത്സവ മാനുവലിൽ കാലോചിതമായ പരിഷ്കാരം നടപ്പിലാക്കുമെന്നും മന്ത്രി
കൊല്ലം| കലാകായിക മേഖലയിൽ കഴിവ് തെളിയിക്കുന്ന കുട്ടികളെ കലാ രംഗത്ത് തന്നെ പിടിച്ചു നിർത്താൻ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവ നഗരിയിൽ സിറാജ് സ്റ്റാൾ ഉദ്ഘാടനം ചെയ്ത ശേഷം സിറാജ് ലൈവിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത കലോത്സവത്തിന് മുമ്പായി കലോത്സവ മാനുവലിൽ കാലോചിതമായ പരിഷ്കാരം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഗോത്ര കലകൾ ഉൾപ്പെടെ അന്യം നിന്നു പോകുന്ന കലാ ഇനങ്ങളെ കലോത്സവത്തിൽ ഉൾപ്പെടുത്തുന്ന രീതിയിൽ ആയിരിക്കും മാനുവൽ പരിഷ്കരണം. ഇതോടൊപ്പം ആധുനിക സാങ്കേതികവിദ്യകൾ കലോത്സവത്തിൽ ഏതൊക്കെ രീതിയിൽ ഉൾചേർക്കാം എന്നത് സംബന്ധിച്ചും ആലോചിക്കും. നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉൾപ്പെടെയുള്ളവരുടെ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകി.
പരാതിരഹിത കലോത്സവം എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തിൽ മുന്നോട്ടു പോയതിന്റെ ഫലമായി കലോത്സവത്തിൽ പരാതി പരമാവധി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. എങ്കിലും പരാതികൾ പറയുക എന്ന് ലക്ഷ്യം വെച്ച് നടക്കുന്ന ചിലർ ഉണ്ട്. വരുംവർഷങ്ങളിൽ പരാതി പൂർണ്ണമായും ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.