Pathanamthitta
പത്തനംതിട്ട ജില്ലയിലും ലഹരി വ്യാപനം; വാഹകരായി ഇതര സംസ്ഥാനക്കാര്‍
വിദ്യാലയ പരിസരങ്ങളിലും മറ്റും ലഹരി എത്തിക്കുന്ന സംഘങ്ങള്‍ക്കു സഹായികളായി സ്ത്രീകളുമുണ്ട്.
പത്തനംതിട്ട | ജില്ലയില്‍ ആഘോഷങ്ങളില്‍ ലഹരി നിറയ്ക്കാനായി അന്തര്‍ സംസ്ഥാന മാഫിയ സംഘങ്ങള്‍. ഓണത്തിനു മുമ്പായുള്ള നാളുകളില്‍ വില്പന സജീവമാക്കുന്നതിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ്, രാസലഹരികള്‍ എന്നിവ ജില്ലയുടെ പല ഭാഗങ്ങളിലേക്കും എത്തുന്നുണ്ട്. കേരളത്തില്‍ ജോലിക്കായി വരുന്ന ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ചാണ് ഇവയുടെ കടത്തും വില്പനയും. സമീപകാലത്തായി സ്ത്രീകളെയും വില്പനക്കാരായി രംഗത്തിറക്കിയിട്ടുണ്ട്. വിദ്യാലയ പരിസരങ്ങളിലും മറ്റും ലഹരി എത്തിക്കുന്ന സംഘങ്ങള്‍ക്കു സഹായികളായി സ്ത്രീകളുമുണ്ട്. പോലീസും എക്‌സൈസും പരിശോധന ശക്തമാക്കുമ്പോഴും പുതുവഴികളിലൂടെ യുവാക്കളിലേക്ക് ലഹരി നിര്‍ബാധം ഒഴുകിയെത്തുകയാണ്. ഓണക്കാലം മുന്നില്‍ക്കണ്ട് ലഹരി സംഭരണം വ്യാപകമാകുന്നുണ്ട്.
പശ്ചിമ ബംഗാള്‍ ജല്‍പൈഗുരി സ്വദേശി കാശിനാഥ് മൊഹന്താണ് (56 ) മൂന്നര കിലോ കഞ്ചാവുമായി കഴിഞ്ഞദിവസം പന്തളത്തു പിടിയിലായതിനു പിന്നാലെ ഇതര സംസ്ഥാന ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ ശക്തമാക്കാനാണ് പോലീസ് തീരുമാനം. സംഘത്തിലെ കൂട്ടാളികളെയും, ഇവര്‍ക്ക് സഹായികളായ പ്രദേശവാസികളെയും കുറിച്ചുമുളള വിവരങ്ങള്‍ പോലീസിന് അന്വേഷിച്ചുവരികയാണ്. പുറമേ നിന്ന് എത്തിക്കുന്ന ലഹരിയുടെ വിതരണം റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണെന്നു പറയുന്നു. ന്യൂ ജെന്‍ ബൈക്കുകളില്‍ കറങ്ങിനടക്കുന്ന യുവാക്കളാണ് പലയിടത്തും ഇവയുടെ ഇടനിലക്കാര്‍. ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ച് കേരളത്തിലേക്ക് എത്തിക്കുന്ന ലഹരി വസ്തുക്കള്‍ക്ക് വിപണി കണ്ടെത്തുന്നതിന് സഹായം ചെയ്യുന്നതിലേറെയും യുവ സംഘങ്ങളാണ്.
പിടിയിലാകുന്നത് ചെറിയ ഇടപാടുകാര്‍
കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി പോലീസിന്റെയും എക്‌സൈസിന്റെയും പിടിയിലാകുന്നവരിലേറെയും ചെറിയ ഇടപാടുകാരോ വില്പനക്കാരോ ആയിരിക്കും. ചെറിയഅളവ് കഞ്ചാവുമായി പിടികൂടുന്നവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയാണ് പതിവ്. വന്‍കിടക്കാരില്‍ നിന്നും ചെറിയ അളവില്‍ സാധനങ്ങള്‍ വാങ്ങി വില്പന നടത്തുകയാണ് ഇവരുടെ രീതിയെങ്കിലും പിടിയിലാകുന്‌പോള്‍ കൈവശം ചെറിയ അളവ് മാത്രമേ ഉള്ളൂവെന്ന പേരില്‍ ജാമ്യം നല്‍കും. ഉറവിടം സംബന്ധിച്ച അന്വേഷണം ഉണ്ടാകാറുമില്ല. പോലീസിന്റെ നിരീക്ഷണം ഇല്ലെന്ന് ഉറപ്പുള്ള മേഖലകളിലാണ് ഇവയുടെ കൈമാറ്റം. ഇതര സംസ്ഥാന ക്യാമ്പുകളിലെ റെയ്ഡുകളിലും പലപ്പോഴും പിടികൂടുന്നത് ചെറിയ അളവുകളായിരിക്കും.
ഓപ്പറേഷന്‍ ഡി ഹണ്ടുമായി പോലീസ്
സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഓപ്പറേഷന്‍ ഡി ഹണ്ട് എന്നപേരില്‍ ജില്ലയിലും പോലീസ് റെയ്ഡ് ശക്തമാക്കിയിരിക്കുകയാണ്. അതിഥിതൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളും സ്‌കൂള്‍ പരിസരങ്ങളടക്കമുള്ള മേഖലകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടന്നുവരികയാണ്. ഓണക്കാലമാകുന്നതോടെ ലഹരിയുടെ വ്യാപനം ശക്തമാകുമെന്നതിനാല്‍ കൂടുതല്‍ പോലീസിനെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ലഹരി വ്യാപനം തടയുന്നതിനാല്‍ എക്‌സൈസ് റെയ്ഡുകളും ശക്തമാക്കി.