അതിഥി വായന
പറുദീസയിലെ അധിനിവേശങ്ങൾ
2021ൽ സാഹിത്യത്തിനുള്ള നൊബേൽ ലഭിച്ച ടാൻസാനിയൻ എഴുത്തുകാരൻ അബ്ദുൾ റസാഖ് ഗുർനയുടെ പ്രശസ്തമായ കൃതിയാണ് പറുദീസ (paradise). ലോകമാകെ സഞ്ചരിച്ച് വ്യാപാരം നടത്തി ജീവിക്കുന്ന ഒരു സംഘം അറബികളാണ് ഇതിലെ ഭൂരിഭാഗം കഥാപാത്രങ്ങൾ. അവർ വ്യാപാരത്തോടൊപ്പം മനുഷ്യനെ സാംസ്കാരികമായി ഉയർത്തിക്കൊണ്ടു വരാനും ശ്രദ്ധിച്ചിരുന്നു. ദുർഗന്ധമുള്ള മൃഗത്തോൽ അണിഞ്ഞ ഗിരിവർഗക്കാർക്കിടയിൽ തുണിത്തരങ്ങളും പണിയായുധങ്ങളും വിതരണം നടത്തി. അങ്ങനെ വ്യാപാരത്തോടൊപ്പം ലാഭവും ലാഭത്തോടൊപ്പം സംസ്കാരവും വളർത്തി.
സംഘം വ്യാപാരത്തിനു പുറപ്പെട്ടാൽ തിരിച്ചെത്താൻ ഒരു വർഷമോ അതിലധികമോ വേണ്ടി വരാറുണ്ട്. ചിലപ്പോൾ നല്ല ലാഭം കിട്ടാറുണ്ട്. മറ്റു ചിലപ്പോൾ വ്യാപാര വസ്തുക്കൾ വഴിയിൽ വെച്ച് അവരിൽ നിന്ന് കൊള്ളയടിക്കപ്പെടാറുമുണ്ട്. ആക്രമണത്തിനിടയിൽ മരിച്ചുപോകുന്നവരുമുണ്ട്. അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാര തുക നൽകാനുള്ള നല്ലൊരു മനസ്സും സംഘത്തിന്റെ യജമാനനായ അസീസ് കാണിക്കാറുണ്ട്.
കഥ നടക്കുന്നത് ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പുള്ള ജർമൻ കൊളോണിയൽ കാലഘട്ടത്തിലാണ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് നഗരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്ന സംഘത്തിന് പലപ്പോഴും യൂസുഫിന്റെ വീട് ഒരു ഇടത്താവളമാണ്. അവിടെ എത്തുന്ന ദിവസങ്ങളിലെല്ലാം അസീസ് അമ്മാവൻ യൂസുഫിന് പത്തണ സമ്മാനമായി നൽകാറുണ്ട്. പക്ഷേ, ഇന്ന് അയാൾ വന്നത് മാതാപിതാക്കളിൽ നിന്ന് അവനെ അടർത്തിമാറ്റാനാണ്.
പിതാവ് ഒരു കൊച്ചു യാത്രയെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ. അവൻ അമ്മാവനെന്ന് വിളിക്കുന്ന അസീസ് എന്ന അറബി വ്യാപാരിയിൽ നിന്ന് ആ യാത്രകൊണ്ട് നഷ്ടപ്പെടുന്ന പത്തണയെ കുറിച്ചായിരുന്നു അവന്റെ വേവലാതി. അതിന്റെ പ്രതിഷേധമാണ് ആ തുറിച്ചു നോട്ടത്തിൽ പ്രകടമായത്….. എന്നാൽ ശ്രദ്ധേയമായ മറ്റൊന്നുകൂടിയുണ്ട്’ അവനിൽ അപ്പോഴുണ്ടായ മലവിസർജന സമ്മർദം ഈ നോവൽ വായിച്ചു കഴിയുമ്പോഴാണ് അതിന്റെ അർഥവ്യാപ്തി വായനക്കാർക്ക് മനസ്സിലാക്കാൻ സാധിക്കുക.
പല വ്യാപാരങ്ങളും തുടങ്ങി പരാജയപ്പെട്ട ഒരു മനുഷ്യൻ താൻ വാങ്ങിയ കടം വീട്ടാനാകാതെ പകരം സ്വന്തം മകനെ പണയ വസ്തുവാക്കി, അടിമയാക്കി ജീവിതത്തിന്റെ പുറംപോക്കിലേക്ക് തള്ളുകയും പിന്നീട് ആ ജീവിതം നരകിക്കുകയും ചെയ്യുന്ന ദുരന്ത കാഴ്ചകളിൽ നിന്നാണ് പറുദീസയുടെ പിറവി. അടിമ ജീവിതത്തിന്റെ നരക ഭൂമിയിൽ നിന്നുള്ള വിമോചനവും സ്വർഗം തേടിയുള്ള അന്വേഷണവും ആരംഭിക്കുന്നത് ഇവിടെയാണ്.
പൗരാണിക ഗോത്ര സമൂഹത്തിലെ ദുഷിച്ച ആചാരങ്ങളുടെ നേർസാക്ഷ്യമായി മാറുന്നു പറുദീസ. അറബ് സംസ്കൃതിയേയും ഐതിഹ്യങ്ങളേയും ഉപജീവിച്ചുള്ളതാണ് നോവൽ. അറുപതുകളിൽ സാൻസിബാർ വിപ്ലവകാലത്ത് പന്ത്രണ്ടാം വയസ്സിൽ അഭയാർഥിയായി സ്വന്തം രാജ്യം വിടേണ്ടി വന്ന അബ്ദുൾ റസാഖ് ഗുർനയുടെ ആത്മാംശം നോവലിൽ ചിതറിയിട്ടുണ്ട്. യൂസുഫ് എന്ന പന്ത്രണ്ടുകാരൻ നേരിടുന്നതും ഒരർഥത്തിൽ അഭയാർഥി ജീവിതമാണ്. അവൻ നേരിടുന്ന കൊടിയ ദുരന്തങ്ങളാണ് അത്യന്തം ഉദ്വേഗജനകമായി നോവലിൽ ആവിഷ്കരിക്കുന്നത്.
ചുറ്റുമതിലുള്ള പൂന്തോട്ടം എന്ന ആദ്യ ഭാഗം പറുദീസയിലേക്കുള്ള ഒന്നാം കവാടമായി വായനക്കാരനെ ആകർഷിക്കുന്നുണ്ട്. സ്വപ്നങ്ങളും പ്രണയവും വിരഹവും മരണവുമെല്ലാം ഭാവഗീതാത്മകമായാണ് നോവലിൽ ആവിഷ്കരിച്ചിരിക്കുന്നത്.
ഒരു വരൾച്ചയുടെ കാലത്താണ് യൂസുഫ് വീട് വിട്ടിറങ്ങിയതെന്ന് അവന് ഓർമയുണ്ട്. ആ ഓർമ അവനെ എപ്പോഴും ഭയപ്പെടുത്തുന്നതായി കാണാം. അവൻ കാണുന്ന പേക്കിനാവുകൾ ആ ഭയത്തെ ഇരട്ടിപ്പിക്കുന്നുണ്ട്.
“അപ്രതീക്ഷിതമായി ചില പൂക്കൾ വിരിയും പിന്നെയത് കരിഞ്ഞുപോകും വിചിത്രങ്ങളായ ക്ഷുദ്രജീവികൾ പാറകൾക്കിടയിൽ നിന്ന് പുളഞ്ഞ് പുറത്തെത്തി വെയിൽ കൊണ്ട് ചത്തുപോകും.’ യൂസുഫിന്റെ ജീവിതത്തിൽ സംഭവിക്കുന്നതും ഏതാണ്ട് ഇതേ മാതിരിയാണ്. അപ്രതീക്ഷിതമായി പ്രണയത്തിന്റെ വൈവിധ്യ നിറമാർന്ന പുഷ്പങ്ങൾ വിരിയുകയും പിന്നെ അത് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു.
അസീസിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സംഘത്തിന്റെ കൂടെയാണ് യൂസുഫിന് കൂടുതലായും ജോലി ചെയ്യേണ്ടി വരുന്നത്. ദിവസങ്ങളും മാസങ്ങളും ചിലപ്പോൾ വർഷങ്ങളും നീണ്ടു നിൽക്കുന്ന ദീർഘ യാത്രകൾ. അക്കാലത്തെ പ്രത്യേകതയായിരുന്നു. മേൽനോട്ടക്കാരും ചുമട്ടുകാരും കാവൽക്കാരുമടങ്ങുന്നതാണ് ആ വലിയ സംഘം.
സംഘത്തെ നയിക്കുന്ന മുഹമ്മദ് അബ്ദുല്ലയുടെ വാക്കുകൾ ഇങ്ങനെ:
“ഇതിനൊക്കെയാണ് നമ്മൾ ഈ മണ്ണിൽ വന്നിരിക്കുന്നത്. വ്യാപാരം ചെയ്യാൻ. നമ്മൾ ഏറ്റവും വരണ്ട മരുഭൂമികളിലേക്കും ഇരുണ്ട വനാന്തരങ്ങളിലേക്കും പോകുന്നു. കച്ചവടം നടത്തുന്നത് കാട്ടാളനുമൊത്താണോ രാജാവുമൊത്താണോ എന്നൊന്നും നോക്കാറില്ല. ജീവിക്കുമോ മരിക്കുമോ എന്നുപോലും ശ്രദ്ധിക്കാറില്ല. നമുക്കെല്ലാം ഒന്നുതന്നെ. വ്യാപാരികളേക്കാൾ കൗശലക്കാർ ആരുമില്ല. അതിലും കുലീനരുമില്ല അതാണ് നമുക്ക് ജീവിതം നൽകുന്നത്.’
കച്ചവട ദൗത്യത്തിനിടയിൽ യൂസുഫ് കണ്ടതും അനുഭവിച്ചതുമായ വിചിത്ര ജീവിതങ്ങളാണ് നോവൽ പകർത്തിവെക്കുന്നത്. ശവക്കച്ച ഇല്ലാത്തതിനാൽ സ്വന്തം ഭാര്യയുടെ മൃതദേഹം മറവു ചെയ്യാനാകാതെ വിഷമിക്കുന്ന ഒരു സുൽത്താനെ ഗുർന കഥാപാത്രമാക്കുന്നുണ്ട്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ അസ്തമയം പ്രതീകാത്മകമായി അത് പ്രതിഫലിപ്പിക്കുന്നു.
അധിനിവേശത്തിന്റെ ഇരകളായി മാറുന്ന മനുഷ്യജന്മങ്ങൾ, എന്തിനേയും കീഴ്പ്പെടുത്തി അടിമയാക്കുന്ന വ്യാപാര തന്ത്രങ്ങൾ യൂസുഫ് എന്ന കഥാനായകന്റെ സങ്കടങ്ങൾ, യാത്രകൾ, പ്രണയങ്ങൾ, ഒറ്റപ്പെടൽ ഇവയെല്ലാം കൂടിച്ചേരുന്ന എഴുത്തിന്റെ മാന്ത്രികത. നോവൽ പരിസമാപ്തിയിലെത്തുമ്പോൾ കൊളോണിയൽ ആധിപത്യത്തിലേക്ക് ഒരു ജനത കീഴ്പ്പെടുന്നതിന്റെ തിളച്ചുമറിയുന്ന കാഴ്ചയാണ്. പട്ടാളം സാധാരണക്കാരെ ബന്ധികളാക്കി കൊണ്ടുപോകുന്നത് യൂസുഫ് കാണുന്നു.
അവന് പിറകുവശം പറുദീസയുടെ വാതിലുകൾ അടയുന്ന ഒച്ച. അവൻ സംശയത്തോടെയും അതിലേറെ സങ്കടത്തോടെയും അകന്നുപോകുന്ന പട്ടാളക്കാരെ നോക്കി. അവരിൽ ലയിച്ചു ചേരാനെന്നോണം അവൻ പിറകെ ഓടി.
യുദ്ധക്കെടുതികളിൽ നിന്ന് ചിതറിയോടിയ അഭയാർഥികളും യൂറോപ്യരും ഇന്ത്യൻ ആഫ്രിക്കൻ സംഘടിത വ്യാപാര ശക്തികളും ഗിരിവർഗക്കാരും മണ്ണും മണ്ണിരയും തിന്ന് ജീവിക്കുന്ന അബോധ മനസ്സിന്റെ ഉടമകളും പ്രണയത്തിന്റെ രാജകുമാരികളും എല്ലാം ചേർന്ന് സൃഷ്ടിക്കുന്ന മെറ്റാഫിക്്ഷൻ ഭാവുകത്വം പറുദീസ നൽകുന്ന സവിശേഷമായ വായനാനുഭവമാണ്. സുരേഷ് എം ജിയുടെതാണ് വിവർത്തനം. പ്രസാധനം ഗ്രീൻ ബുക്സ്. പേജ് 280. വില 355 രൂപ.
ഹംസ അറയ്ക്കൽ
hamza532@gmail.com