Kerala
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ഫെബ്രുവരിയില്‍
കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപ ആകർഷണം ലക്ഷ്യം

കൊച്ചി | സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 ഫെബ്രുവരി 21നും 22നും കൊച്ചിയില്‍ നടക്കും. 22 സെഷനുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ വ്യവസായ മേഖലകളില്‍ നിലവിലുള്ള വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള തുടര്‍ പദ്ധതികളും ചര്‍ച്ച ചെയ്യും. വിവിധ മേഖലകളിലെ നൂറോളം പ്രഭാഷകര്‍ പങ്കെടുക്കും.
കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനും സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന സമ്മിറ്റ് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുക.
സംരംഭകരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുന്നതിനുമായി മേഖലാ മീറ്റിംഗുകളും റോഡ് ഷോകളും കോണ്‍ക്ലേവുകളും ഉള്‍പ്പെടെ 34 പരിപാടികള്‍ സമ്മിറ്റിന് മുന്നോടിയായി വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ 24 എണ്ണം പൂര്‍ത്തിയായതായി വ്യവസായ മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 21ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. രണ്ടായിരത്തോളം നിക്ഷേപകര്‍, 30 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍/കോണ്‍സല്‍ ജനറല്‍മാര്‍, വിവിധ വിദേശ കമ്പനികളുടെ പ്രതിനിധികള്‍, ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യവസായികള്‍, വിവിധ കമ്പനികളുടെ പ്രതിനിധികള്‍, സംരംഭകര്‍, കേരളത്തിലെ പ്രധാന വ്യവസായികള്‍, വ്യാപാര വ്യവസായ മേഖലയിലെ സംഘടനകളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവരാണ് സമ്മിറ്റില്‍ പങ്കെടുക്കുക. ഒമ്പത് രാജ്യങ്ങള്‍ കണ്‍ട്രി പാര്‍ട്ണര്‍മാരായി പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു.
വ്യവസായ വാണിജ്യ സംഘടനകളായ സി ഐ ഐ, ഫിക്കി, ടൈ കേരള തുടങ്ങിയവര്‍ വിവിധ തരത്തില്‍ പരിപാടിയില്‍ പങ്കാളികളാകും.