Connect with us

Kerala

ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് കൊച്ചിയില്‍ നാളെ തുടക്കമാകും

വിദേശ പ്രതിനിധികളടക്കം 3,000 പേര്‍ പങ്കെടുക്കും

Published

|

Last Updated

കൊച്ചി | കേരളം കാത്തിരിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് നാളെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്ര- സംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്. മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി (ഓണ്‍ലൈന്‍), വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവര്‍ സംസാരിക്കും. യു എ ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തുക് അല്‍മാരി, ബഹ്റൈന്‍ വാണിജ്യ-വ്യവസായ മന്ത്രി അബ്ദുല്ല ബിന്‍ അദെല്‍ ഫഖ്രു, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം എ യൂസുഫലി, സി ഐ ഐ പ്രസിഡന്റ് സഞ്ജീവ് പൂരി, അദാനി പോര്‍ട്ട്‌സ് എം ഡി കരണ്‍ അദാനി എന്നിവരും സംസാരിക്കും. വിദേശ പ്രതിനിധികളടക്കം 3,000 പേര്‍ പങ്കെടുക്കും

സംസ്ഥാന മന്ത്രിമാര്‍, നിതി ആയോഗ് മുന്‍ ചെയര്‍മാനും ജി 20 ഷെര്‍പയുമായ അമിതാഭ് കാന്ത്, വ്യവസായ പ്രമുഖരായ എം ഡി അദീബ് അഹമ്മദ്, അനസൂയ റേ, അനില്‍ ഗാന്‍ജു, ഡോ. ആസാദ് മൂപ്പന്‍, ഗോകുലം ഗോപാലന്‍, ജീന്‍ മാനേ, ജോഷ് ഫോള്‍ഗര്‍, മാര്‍ട്ടിന്‍ സൊന്റാഗ്, മുകേഷ് മേഹ്ത്ത, രവി പിള്ള, ടി എസ് കല്യാണ രാമന്‍, ശശി കുമാര്‍ ശ്രീധരന്‍, ശ്രീപ്രിയ ശ്രീനിവാസന്‍, വിനീത് വര്‍മ, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവരും സംബന്ധിക്കും.

ഉദ്ഘാടന ദിവസത്തെ പ്ലീനറി സെഷനില്‍ ‘കേരളം- ചെറിയ ലോകവും വലിയ സാധ്യതകളും’ എന്ന വിഷയത്തില്‍ എ പി എം മുഹമ്മദ് ഹനീഷ് അവതരണം നടത്തും. അമിതാഭ് കാന്ത് മോഡറേറ്ററാവുന്ന സെഷനില്‍ അബിന്‍ബെവ് വൈസ് പ്രസിഡന്റ് അനസൂയ റേ, അദാനി പോര്‍ട്ട് സി ഇ ഒ അശ്വനി ഗുപ്ത, ജിയോ പ്ലാറ്റ്ഫോംസ് സി ഇ ഒ മാത്യു ഉമ്മന്‍, മുരുഗപ്പ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എം എം മുരുഗപ്പന്‍, ഐ ടി സി ലിമിറ്റഡ് സി എം ഡി സഞ്ജീവ് പുരി, ഗൂഗിള്‍ ക്ലൗഡ് എ പി എ സി. സി ഇ ഒ ശശികുമാര്‍ ശ്രീധര പങ്കെടുക്കും.

 

Latest