Kerala
ഇന്‍വെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടി; സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കം: മന്ത്രി പി രാജീവ്
374 കമ്പനികള്‍ നിക്ഷേപ താല്‍പര്യ കരാറില്‍ ഒപ്പിട്ടു.

കൊച്ചി | ഇന്‍വെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്.കേരളത്തിലേക്ക് ഒന്നരലക്ഷം കോടിയുടെ നിക്ഷേപം വാഗ്ദാനം ലഭിച്ചതായി മന്ത്രി പറഞ്ഞു. 374 കമ്പനികള്‍ നിക്ഷേപ താല്‍പര്യ കരാറില്‍ ഒപ്പിട്ടു. 24 ഐടി കമ്പനികള്‍ നിലവിലുള്ള സംരഭങ്ങള്‍ വികസിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചു.നിക്ഷേപകരില്‍ ആത്മവിശ്വാസം ഉണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.ഇന്‍വെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി പി രാജീവ്.
വ്യവസായങ്ങള്‍ തുടങ്ങുന്നതില്‍ സംസ്ഥാനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറി. തൊഴില്‍സമരങ്ങള്‍ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ലെന്നും പി രാജീവ് വ്യക്തമാക്കി.കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കഴിഞ്ഞു. ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം.ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് ഉച്ചകോടി പ്രതിവർഷം നടത്താൻ കഴിയുമോയെന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ട് സംസ്ഥാനങ്ങളില്‍ വാട്ടര്‍ മെട്രോ തുടങ്ങാനുള്ള സാങ്കേതിക സാധ്യത പഠനത്തിന് കെഎംആര്‍എല്ലിന് അനുമതി ലഭിച്ചു.ഇതുവഴി പുതിയ തൊഴില്‍ സംസ്‌കാരം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഇന്‍വെസ്റ്റ് കേരളയിലെ പദ്ധതി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അതിവേഗ സംവിധാനം നടപ്പിലാക്കി. നാളെ മുതല്‍ ഇത് പ്രവര്‍ത്തനം തുടങ്ങും. ഇതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും.
വ്യവസായങ്ങള്‍ തുടങ്ങുന്നതിന് എല്ലാവരും ഒന്നിച്ച് നില്‍ക്കും.ഏത് കമ്പനിക്ക് വേണ്ടിയാണെങ്കിലും കേരളത്തില്‍ നിന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി ഉച്ചകോടിയില്‍ പറഞ്ഞു.