Kerala
ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമം; സുപ്രധാന പ്രഖ്യാപനം
രണ്ടാം ദിവസത്തിലേക്ക് കടന്ന സമ്മിറ്റിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു

കൊച്ചി | ആഗോള തലത്തിലെ വ്യവസായികള്‍ പങ്കെടുക്കുന്ന ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിലെ സുപ്രധാന പ്രഖ്യാപനം ഉന്നുണ്ടായേക്കും. വരും നാളുകളില്‍ കേരളത്തിലേക്കു വരാന്‍ സാധ്യതയുള്ള നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് സമാപന ദിവസമായ ഇന്ന് സര്‍ക്കാര്‍ പുറത്തു വിടുമെന്നാണ് കരുതുന്നത്.
രണ്ടാം ദിവസത്തിലേക്ക് കടന്ന സമ്മിറ്റിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയിൽ നടത്തുമെന്നാണ് പ്രഖ്യാപനം. വ്യവസായ സെക്രട്ടറിക്കൊപ്പം മാധ്യമങ്ങളെ കണ്ട് ഗ്രൂപ്പ് മേധാവി ഷറഫുദ്ദീൻ ഷറഫ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇന്നലെ വിവിധ സെഷനുകളില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടുണ്ട്. യു എ ഇ, ബഹറൈന്‍ രാജ്യങ്ങളില്‍ നിന്ന് വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഇന്നു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഭക്ഷ്യ സംസ്‌കരണ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് പറഞ്ഞ ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി നിക്ഷേപ തുക ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വ്യവസായ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തില്‍ മുഖ്യമന്ത്രി പ്രസംഗിച്ചത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ കേരളം രാജ്യത്ത് ഒന്നാമതാണ്. നിക്ഷേപകര്‍ക്ക് ചുവപ്പുനാട കുരുക്കിനെപ്പറ്റി ആശങ്ക വേണ്ടെന്നും ഭൂമി കിട്ടാത്തതിന്റെ പേരില്‍ ഒരു നിക്ഷേപകനും കേരളത്തില്‍ നിന്ന് മടങ്ങേണ്ടി വരില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. വ്യവസായ വികസനത്തിന് പൂര്‍ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞതോടെ നിക്ഷേപകര്‍ക്ക് ഏറ്റവും ആകര്‍ഷകമായ അന്തരീക്ഷമാണ് രൂപപ്പെട്ടത്.
അദാനി ഗ്രൂപ്പും ലുലു ഗ്രൂപ്പും ആസ്റ്റര്‍ ഗ്രൂപ്പും വന്‍ നിക്ഷേപങ്ങള്‍ കേരളത്തില്‍ നടത്തുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ മൂന്നു ലക്ഷം കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും പീയുഷ് യോഗലും വ്യക്തമാക്കി. 30,000 കോടി രൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി 20,000 കോടിയുടെ അധിക നിക്ഷേപവും കൊച്ചിയില്‍ 5,000 കോടിയുടെ ഇ-കൊമേഴ്‌സ് ഹബ്ബും സ്ഥാപിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലും 5,000 കോടി നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിന് വേണ്ടി സമ്മിറ്റില്‍ പങ്കെടുത്ത കരണ്‍ അദാനിയാണ് പ്രഖ്യാപനം നടത്തിയത്.
850 കോടി രൂപയുടെ നിക്ഷേപമാണ് ആസ്റ്റര്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ആസാദ് മൂപ്പനാണ് നിക്ഷേപ തീരുമാനം പ്രഖ്യാപിച്ചത്. തെലങ്കാനയിലെ കൃഷ്ണാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് 3,000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അടക്കം ആറ് ഇടങ്ങളില്‍ മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രികള്‍ തുടങ്ങാനാണ് താത്പര്യം അറിയിച്ചത്.
കേന്ദ്ര മന്ത്രിമാരും വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ഉള്‍പ്പെടെ മൂവായിരത്തിലേറെ പ്രതിനിധികള്‍ രണ്ട് ദിവസത്തെ സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക.