Connect with us

Congress Party

അറസ്റ്റ് ഭയന്നു മുങ്ങിയ കേരള എം പിമാര്‍ക്കെതിരെ അന്വേഷണം

ശശി തരൂര്‍, എം കെ രാഘവന്‍, അടൂര്‍ പ്രകാശ്, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ നീക്കം ദുരൂഹം

Published

|

Last Updated

കോഴിക്കോട് | രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചും അദാനി-മോദി ബന്ധത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും രാഷ്ട്രപതി ഭവനിലേക്കു പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നിന്നു മുങ്ങിയ കോണ്‍ഗ്രസ് എം പിമാര്‍ക്കെതിരെ ശക്തമായ ജനവികാരം. ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി അന്വേഷണം ആരംഭിച്ചതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അറയിച്ചു.

കേരളത്തില്‍ നിന്നുള്ള ശശി തരൂര്‍, എം കെ രാഘവന്‍, അടൂര്‍ പ്രകാശ്, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ അറസ്റ്റ് ഭയന്നു മുങ്ങി എന്നാണ് ആരോപണം്. ഇടതുപക്ഷത്തുനിന്നുള്ള എം പിമാരും അറസ്റ്റ് വരിച്ചപ്പോള്‍ കോണ്‍ഗ്രസ് എം പിമാര്‍ മുങ്ങിയത് വലിയ ചര്‍ച്ചയായി.

രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ച്ചിനു മുന്നോടിയായി രാവിലെ പാര്‍ലമെന്റില്‍ യോഗം ചേര്‍ന്നപ്പോള്‍ മുഴുവന്‍ കോണ്‍ഗ്രസ് എംപിമാരും അറസ്റ്റ് വരിക്കണമെന്നു സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പ്രകടനം പോലീസ് തടഞ്ഞാല്‍ അറസ്റ്റ് വരിക്കാതെ നിങ്ങള്‍ തിരിഞ്ഞോടുമോ എന്നവര്‍ ചോദിച്ചിരുന്നു. മറുപടി ചിരിയിലൊതുക്കിയ ഏതാനും എംപിമാരോടു കര്‍ശന സ്വരത്തിലായിരുന്നു സോണിയ ഗാന്ധി പ്രതികരിച്ചത്. ഇന്ന് രാഹുല്‍, നാളെ ആ സ്ഥാനത്ത് നിങ്ങളില്‍ ആരുമാവാം എന്നായിരുന്നു മുന്നറിയിപ്പ്.

എന്നിട്ടും കോണ്‍ഗ്രസ് എംപിമാരില്‍ ചിലര്‍ ‘മുങ്ങി’ എന്നതു പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരേയും ഒരു പോലെ അമ്പരപ്പിച്ചു.
വെള്ളിയാഴ്ചയായതിനാല്‍ നാട്ടിലേക്കു പോകാന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു എന്നാണ് മുങ്ങിയതിനു ചില എം പിമാര്‍ ന്യായം പറഞ്ഞത്. പ്രകടനത്തില്‍ തുടക്കത്തില്‍ പങ്കെടുത്തു മാധ്യമങ്ങള്‍ക്കു മുമ്പില്‍ മുഖം കാണിച്ചാണ് കേരളാ എം പി മാര്‍ അറസ്റ്റ് വരിക്കാതെ ഒളിച്ചു കടന്നത്.

കെ സി വേണുഗോപാല്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, ആന്റോ ആന്റണി, വി കെ ശ്രീകണ്ഠന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രമ്യ ഹരിദാസ്, ജെബി മേത്തര്‍ എന്നിവരാണു കോണ്‍ഗ്രസ് നിരയില്‍ നിന്ന് അറസ്റ്റ് വരിച്ചത്. എ എം ആരിഫ്, എ എ റഹീം, വി ശിവദാസ് എന്നീ സി പി എം, എം പിമാരും, സി പി ഐയിലെ പി സന്തോഷ്‌കുമാറും അറസ്റ്റു വരിച്ചിരുന്നു.

ശശി തരൂരും എം കെ രാഘവനും കോണ്‍ഗ്രസ്സില്‍ നിരീക്ഷണത്തിലുള്ളവരാണ്. ശശി തരൂര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചതോടെ ആരംഭിച്ച സമാന്തര നീക്കങ്ങള്‍ പിന്നീട് ശക്തമായി.
തരൂര്‍ കേരളത്തില്‍ പ്രവര്‍ത്തന മണ്ഡലം കേന്ദ്രീകരിക്കാനുള്ള നീക്കം ശക്തമാക്കിയപ്പോള്‍ അതിന്റെ കടിഞ്ഞാണ്‍ പിടിച്ചത് എം കെ രാഘവനായിരുന്നു.
കേരളത്തില്‍ കെ പി സി സി നേതൃത്വത്തിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ഹൈക്കമാന്‍ഡിനു പരാതി നല്‍കുകയും ചെയ്തതിന്റെ പേരില്‍ ശത്രുപക്ഷത്തുനില്‍ക്കുകയാണ് എം കെ രാഘവന്‍.

സോണിയാ ഗാന്ധിയുടെ കര്‍ശന നിര്‍ദ്ദേശം മറികടന്നു നിര്‍ണായകമായ ഘട്ടത്തില്‍ അറസ്റ്റ് വരിക്കാതെ മുങ്ങിയതിന്റെ പേരില്‍ നാല് എം പിമാര്‍ക്കുമെതിരെ പാര്‍ട്ടി പ്രവര്‍ത്തകരിലും വികാരം ശക്തമാണ്.

 

Latest