Kerala
മാസപ്പടിക്കേസില്‍ അന്വേഷണം അന്തിമഘട്ടത്തില്‍; കേസെടുക്കണമോയെന്ന് കേന്ദ്രം തീരുമാനിക്കുമെന്ന് എസ്എഫ്‌ഐഒ
അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ,ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്ത എന്നിവരടക്കം 20 പേരുടെ മൊഴി എടുത്തുവെന്നും എസ്എഫ്‌ഐഒ
ന്യൂഡല്‍ഹി | മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്ഐഒ. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാഴ്ചക്കകം കേസിലെ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും സത്യവാങ്മൂലത്തിലുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ,ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്ത എന്നിവരടക്കം 20 പേരുടെ മൊഴി എടുത്തുവെന്നും എസ്എഫ്‌ഐഒ വ്യക്തമാക്കി
സ്വതന്ത്ര അന്വേഷണമാണ് നടത്തുന്നത്. ആദായ നികുതി സെറ്റില്‍മെന്റ് കമ്മീഷന്റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണം. തങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണോ എന്നതില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത്-സത്യവാങ്ങ്്മൂലത്തില്‍ പറയുന്നു. സിഎംആര്‍ എല്ലിന്റെ ഹര്‍ജി തള്ളണമെന്ന ആവശ്യവും എസ്എഫ്ഐഒ മുന്നോട്ട് വെച്ചു. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്ലിന്റെ ഹരജി നല്‍കിയത്