Connect with us

Case against Swapna Suresh

സ്വപ്‌നക്കെതിരായ നീക്കം വേഗത്തിലാക്കാന്‍ അന്വേഷണ സംഘം

ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന സ്വപ്‌നയുടെ ഹരജി ഹൈക്കോടതി തള്ളിയിരുന്നു

Published

|

Last Updated

കൊച്ചി |  ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തില്‍ തുടര്‍ നീക്കങ്ങള്‍ ശക്തമാക്കി അന്വേഷണ സംഘം. സ്വപ്‌നക്കെതിരെ കുറ്റപത്രം പെട്ടന്ന് തയ്യാറാക്കാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സ്വപ്‌നക്കും പി സി ജോര്‍ജിനും പുറമെ സരിത്തിനേയും ഗൂഢാലചോന കേസില്‍ ഉള്‍പ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹരജികളാണ് ഹൈക്കോടതി തള്ളിയത്. രണ്ട് കേസുകളിലും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹരജി തള്ളിയത്.

തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് എടുത്ത ഗൂഡാലോചന കേസും പാലക്കാട് കസബ പോലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്ന ഹൈക്കോടതിയെ അറിയിച്ചത്. സ്വപ്ന സുരേഷിന് പുറമെ പി സി ജോര്‍ജും കേസില്‍ പ്രതിയാണ്. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പി സി ജോര്‍ജ്, സ്വപ്ന സുരേഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്.

നിക്ഷിപ്ത താത് പ്പര്യത്തിന് വേണ്ടി തെളിവുകള്‍ ഇല്ലാതെയാണ് മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിന് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന വാദം പരിഗണിച്ചായിരുന്നു നടപടി.