Connect with us

Kerala

നിക്ഷേപ തട്ടിപ്പ്; കോടികള്‍ വാരിക്കൂട്ടിയ വിദേശ കമ്പനി അടച്ചുപൂട്ടി

തട്ടിപ്പിന് ഇരയായവരില്‍ പ്രവാസികളുള്‍പ്പെടെയുള്ള മലയാളികളും

Published

|

Last Updated

കൊച്ചി | വിദേശ ഓൺലൈന്‍ വ്യാപാര നിക്ഷേപ കമ്പനിയില്‍ പണം നിക്ഷേപിച്ച ലക്ഷക്കണക്കിനാളുകള്‍ക്ക് സാമ്പത്തിക നഷ്ടം. ഓൺലൈന്‍ വ്യാപാര സേവന ദാതാവെന്ന് അവകാശപ്പെടുന്ന മെറ്റാവേഴ്‌സ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ്(എം ടി എഫ് ഇ) ആണ് കോടിക്കണക്കിന് രൂപ നിക്ഷേപകരില്‍ നിന്ന് കൈക്കലാക്കി അടച്ചുപൂട്ടിയത്. ഇതോടെ പണം മുടക്കി വേഗത്തില്‍ ലാഭവും മുതലും തിരിച്ചുപിടിക്കാനിറങ്ങിയവര്‍ വെട്ടിലായി.
കച്ചവടത്തില്‍ ശതകോടി ഡോളര്‍ നഷ്ടപ്പെട്ടതിനാല്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായെന്നാണ് എം ടി എഫ് ഇയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി നിക്ഷേപകരെ കബളിപ്പിച്ചതായാണ് സൂചന. പുതിയ നിക്ഷേപകരില്‍ നിന്ന് ശേഖരിക്കുന്ന പണം നിലവിലുള്ള നിക്ഷേപകര്‍ക്ക് നല്‍കി ഭാവിയില്‍ മികച്ച വരുമാനം വാഗ്ദാനം ചെയ്താണ് കമ്പനി നിക്ഷേപകരെ ആകര്‍ഷിച്ചത്. വന്‍ ലാഭ വിഹിതം ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും കെണിയില്‍ വീണത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും പാക്കിസ്ഥാന്‍, ശ്രീലങ്ക, നൈജീരിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ് തട്ടിപ്പിനിരയായവരിലേറെയും. യു എ ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളിലെ നിരവധി മലയാളികളും എം ടി എഫ് ഇയില്‍ പണം നിക്ഷേപിച്ചിരുന്നു.
26 മുതല്‍ 50,001 ഡോളര്‍ വരെ നിക്ഷേപിക്കാന്‍ കഴിയുംവിധമായിരുന്നു എം ടി എഫ് ഇയുടെ പ്രവര്‍ത്തനം. 2022ലാണ് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം ടി എഫ് ഇ നിക്ഷേപങ്ങള്‍ സ്വീകരിച്ച് തുടങ്ങിയത്. ആദ്യ മാസങ്ങളില്‍ കൃത്യമായി ലാഭവും മുടക്കുമുതലും ലഭിച്ചിരുന്നു. ആദ്യ മാസങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് നഷ്ടം കാണിച്ചിരുന്നത്. കച്ചവടമായതിനാല്‍ നഷ്ടം സ്വാഭാവികമാണെന്ന വിശ്വാസത്തിലായിരുന്നു നിക്ഷേപകര്‍. ലാഭവിഹിതം പൂര്‍ണമായും നിലച്ചതോടെയാണ് കബളിപ്പിക്കപ്പെട്ടതായി പലരും തിരിച്ചറിഞ്ഞത്. തുടക്കത്തില്‍ തന്നെ നിക്ഷേപം പിന്‍വലിച്ചവര്‍ക്ക് തട്ടിപ്പില്‍ നിന്ന്് രക്ഷപ്പെടാനായി.

Latest