Connect with us

Business

രാജ്യത്തെ നിക്ഷേപം 20 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടായത് നിക്ഷേപത്തെ ബാധിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡൽഹി | 2024- 25 സാമ്പത്തിക വർഷത്തെ ആദ്യ ക്വാർട്ടർ പിന്നിടുമ്പോൾ രാജ്യത്തെ വിദേശനിക്ഷേപം 20 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. മൂന്നു മാസത്തിനിടെ 44,300 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് രാജ്യത്തിന് ആകർഷിക്കാൻ ആയത്. കഴിഞ്ഞവർഷം ഇത് ഇതേ കാലയളവിൽ 7.9 ലക്ഷം കോടി രൂപയായിരുന്നു.

20 വർഷത്തെ ഏറ്റവും താഴ്ന്ന നിക്ഷേപമാണ് ഈ സാമ്പത്തിക വർഷം ആദ്യത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ആകെ 27.1 ലക്ഷം കോടി രൂപയാണ് രാജ്യത്തെ വിദേശനിക്ഷേപം. ഈ വർഷം ഇത് ഗണ്യമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വെയിറ്റ് ആൻഡ് വാച്ച് സമീപനം സ്വീകരിക്കുന്നതിന്റെ ഫലമായാണ് നിക്ഷേപം കുറഞ്ഞതെന്നും വിദഗ്ധർ പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടായത് നിക്ഷേപത്തെ ബാധിച്ചിട്ടുണ്ട്. കോർപ്പറേറ്റുകൾക്ക് വൻ ഇളവുകൾ നൽകിയിരുന്ന ഒന്നും രണ്ടും എൻഡിഎ സർക്കാറുകൾ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നയം മാറ്റുമോ എന്നതാണ് നിക്ഷേപകർ നിരീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം നിക്ഷേപം ആലോചിച്ചാൽ മതി എന്നാണ് പല കമ്പനികളും തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ഈ മാസം നടക്കാനിരിക്കുന്ന ബജറ്റ് അവതരണവും നിക്ഷേപത്തെ ബാധിച്ചിട്ടുണ്ട്. ബജറ്റിനു ശേഷം നിക്ഷേപം വർദ്ധിക്കാനാണ് സാധ്യതയെന്ന് ബാങ്ക് ഓഫ് ബറോഡയുടെ സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു. മൺസൂണിന് ശേഷം ആരംഭിക്കാനിരിക്കുന്ന ഫെസ്റ്റിവൽ സീസണിന്റെ ഭാഗമായും നിക്ഷേപം ഉയർന്നേക്കും. ഇതിനുള്ള കാത്തിരിപ്പിന്റെ ഫലമായാണ് നിലവിലെ കുറവെന്ന് റിപ്പോർട്ടിൽ പറയുന്നു.

കോർപ്പറേറ്റ് ബോണ്ട് ഇഷ്യൂ ഡാറ്റയും ബാങ്ക് ക്രെഡിറ്റ് ഫ്ലോകളും നിക്ഷേപ പദ്ധതികൾ മന്ദഗതിയിലാക്കിയെന്ന് സ്ഥിരീകരിക്കുന്നുണ്ട് . കഴിഞ്ഞ വർഷം ആദ്യ ക്വാർട്ടറിൽ 2.86 ലക്ഷം കോടി രൂപയായിരുന്നു കോർപ്പറേറ്റ് ബോണ്ട് ഇഷ്യൂ ചെയ്തതെങ്കിൽ ഇത്തവണ 1.73 ലക്ഷം കോടിയായി കുറഞ്ഞു.

Latest