Connect with us

praveen rana

നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി

തൻ്റെ കൈവശം യാതൊരു പൈസയുമില്ലെന്നാണ് പ്രവീൺ റാണ മൊഴി നൽകിയത്.

Published

|

Last Updated

കോയമ്പത്തൂർ | സേഫ് ആൻഡ് സ്‌ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി. വഞ്ചനാകുറ്റം, അനധികൃത സാമ്പത്തിക ഇടപാട് എന്നീ വകുപ്പുകളാണ് ചുമത്തിയത്. മെഡിക്കൽ പരിശോധന പൂർത്തിയാക്കി നാളെ കോടതിയിൽ ഹാജരാക്കും. പൊള്ളാച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ പിടികൂടിയത്.

തൻ്റെ കൈവശം യാതൊരു പൈസയുമില്ലെന്നാണ് പ്രവീൺ റാണ മൊഴി നൽകിയത്. അക്കൌണ്ട് കാലിയാണെന്നാണ് അവകാശവാദം. പിടിയിലാകുന്നതിന് മുമ്പ് പണം ബിനാമി അക്കൌണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സുഹൃത്തിന് 16 കോടി കടം കൊടുത്തിട്ടുണ്ടെന്നും ഇത് തിരിച്ചുകിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ആഡംബരവും ധൂർത്തും ദരിദ്രനാക്കിയെന്നാണ് ഇയാളുടെ മൊഴി. ഒളിവിൽ കഴിഞ്ഞ സമയത്ത് വിവാഹ മോതിരം വിറ്റ് 75,000 രൂപ ചെലവിനായി കണ്ടെത്തിയെന്നും മൊഴിയുണ്ട്.

ദേവരായപുരത്തെ കരിങ്കൽ ക്വാറിയിൽ സന്യാസി വേഷത്തിൽ ഒളിവിൽ കഴിയവെയാണ് പ്രവീണിനെ പിടികൂടിയത്. അതിഥി തൊഴിലാളിയുടെ ഫോണിൽ നിന്ന് വീട്ടുകാരെ വിളിച്ചത് പിടികൂടുന്നതിൽ നിർണായകമായി. പെരുമ്പാവൂർ സ്വദേശിയാണ് ഒളിവിൽ കഴിയാൻ സഹായിച്ചതെന്നാണ് വിവരം. ബലം പ്രയോഗിച്ചാണ് റാണയെ അന്വേഷണസംഘം കീഴ്‌പ്പെടുത്തിയത്. നിക്ഷേപ തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ ഈ മാസം ആറിനാണ് ഒളിവിൽ പോയത്.

റാണയുടെ പ്രധാന കൂട്ടാളിയായ വെളുത്തൂർ സ്വദേശി സതീഷിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. റാണയുടെ ബിനാമിയായി പ്രവർത്തിച്ചയാളാണ് സേഫ് ആൻഡ് സ്ട്രോംഗിന്റെ അഡ്മിൻ മാനേജർ കൂടിയായിരുന്ന സതീഷ്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് റാണെ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചത്. ആദ്യം കോയമ്പത്തൂരാണെന്ന് സംശയിച്ചെങ്കിലും മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊള്ളാച്ചിയിലെ ഒളിത്താവളത്തെക്കുറിച്ച് സൂചന ലഭിച്ചത്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് പ്രവീൺ റാണ നടത്തിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നിരവധി പരാതികളാണ് ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. പ്രവീൺ റാണ ഒളിവിൽ പോയതിന് പിന്നാലെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഉയർന്ന പലിശയും ലാഭവും വാഗ്‌ദാനം ചെയ്താണ് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്തത്. നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെയാണ് ഒളിവിൽ പോയത്. കലൂരിലെ ഫ്ലാറ്റിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടെയെത്തിയെങ്കിലും മറ്റൊരു ലിഫ്റ്റിലൂടെ രക്ഷപ്പെടുകയായിരുന്നു. റാണയുടെ വാഹനങ്ങളും ഇടപാടുകൾ സംബന്ധിച്ചുള്ള നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് മാസത്തിനിടെ 61 കോടി രൂപ വിവിധ അക്കൗണ്ടുകളിൽ നിന്നായി പ്രവീൺ റാണ പിൻവലിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

Latest